രേണുക വേണു|
Last Modified ശനി, 2 സെപ്‌റ്റംബര്‍ 2023 (09:52 IST)
India vs Pakistan Match: ഏഷ്യാ കപ്പിലെ ഏറ്റവും വാശിയേറിയ മത്സരത്തിനു ശ്രീലങ്കയിലെ കാന്‍ഡി സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കും. ഉച്ചയ്ക്ക് മൂന്ന് മുതലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്. പാക്കിസ്ഥാന്റെ രണ്ടാം മത്സരമാണിത്. പാക് നിരയില്‍ മൂന്ന് താരങ്ങളാണ് ഇന്ത്യക്ക് ശക്തമായ ഭീഷണിയുയര്‍ത്തുന്നത്. മൂന്ന് പേരും ബൗളര്‍മാരാണ്. വിരാട് കോലി, രോഹിത് ശര്‍മ എന്നി വമ്പന്‍മാര്‍ അടക്കം ഈ ബൗളര്‍മാര്‍ക്ക് മുന്നില്‍ പലതവണ തല കുനിച്ചിട്ടുണ്ട്.
ഷഹീന്‍ ഷാ അഫ്രീദിയാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പേടിക്കേണ്ട പാക്കിസ്ഥാന്റെ ആദ്യത്തെ വജ്രായുധം. ഇടംകയ്യന്‍ പേസറായ ഷഹീന്‍ ഷാ അഫ്രീദിക്കെതിരെ അത്ര നല്ല കണക്കുകള്‍ അല്ല കോലിക്കും രോഹിത്തിനുമുള്ളത്. 2021 മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇടംകയ്യന്‍ ബൗളര്‍മാര്‍ക്കെതിരെ രോഹിത് ശര്‍മയുടെ ശരാശരി വെറും 25.8 ആണ്, കോലിയുടെ 29 ! രോഹിത് ഇടംകയ്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ അഞ്ച് തവണയും കോലി മൂന്ന് തവണയും പുറത്തായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷഹീന്‍ ഷാ അഫ്രീദിയുടെ സ്‌പെല്‍ ഇന്ത്യക്ക് നിര്‍ണായകമാകും.
കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യയെ വെള്ളം കുടിപ്പിച്ച നസീം ഷായാണ് പാക്കിസ്ഥാന്റെ രണ്ടാമത്തെ തുറുപ്പുച്ചീട്ട്. ഏകദിന ഫോര്‍മാറ്റില്‍ 11 കളികളില്‍ നിന്ന് വെറും 4.57 ഇക്കണോമിയില്‍ 26 വിക്കറ്റുകളാണ് നസീം ഷാ എന്ന 20 കാരന്‍ വീഴ്ത്തിയിരിക്കുന്നത്. പവര്‍പ്ലേയില്‍ നസീം ഷായെ കളിക്കുക അതീവ ദുഷ്‌കരമാണ്. വേഗത കുറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കഷ്ടപ്പെടാന്‍ പോകുന്നത് നസീം ഷായുടെ മുന്നിലായിരിക്കും.
ഇടംകയ്യന്‍ സ്പിന്നറായ മുഹമ്മദ് നവാസും ഇന്ത്യയുടെ പേടി സ്വപ്‌നമാണ്. ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ഏഴ് തവണയാണ് കോലി സമീപകാലത്തായി പുറത്തായിരിക്കുന്നത്. മാത്രമല്ല ശരാശരി വെറും 14.57 ആണ്. ഇഷാന്‍ കിഷന്‍ ആകട്ടെ 29 ശരാശരിയില്‍ അഞ്ച് തവണ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ പുറത്തായിട്ടുണ്ട്. ഈ മൂന്ന് ബൗളര്‍മാരെ ഇന്ത്യ എങ്ങനെ നേരിടുന്നു എന്നത് ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരഫലം.