Asia cup: കോലിയെ സാക്ഷിയാക്കി കോലിയുടെ റെക്കോർഡ് നേട്ടം തകർക്കാൻ ബാബർ, ഇന്ത്യ- പാക് മത്സരത്തിൽ തീപ്പാറും

അഭിറാം മനോഹർ| Last Modified വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (19:26 IST)
ഏഷ്യാകപ്പിലെ ചിരവൈരികള്‍ തമ്മിലുള്ള പോരാട്ടം സെപ്റ്റംബര്‍ രണ്ടിന് നടക്കാനിരിക്കുകയാണ്. ശ്രീലങ്കയിലെ കാന്‍ഡിയില്‍ നടക്കുന്ന മത്സരത്തില്‍ ആര് വിജയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ അതേസമയം മത്സരത്തില്‍ വിജയിക്കുന്നതിനൊപ്പം കോലിയുടെ റെക്കോര്‍ഡ് കോലിയെ സാക്ഷിയാക്കി തകര്‍ക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് പാക് നായകന്‍ ബാബര്‍ അസം ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇറങ്ങുന്നത്.

ഏഷ്യാകപ്പിലെ ആദ്യമത്സരത്തില്‍ 151 റണ്‍സ് നേടികൊണ്ട് തന്റെ ഫോം അറിയിച്ചുകൊണ്ടാണ് ബാബര്‍ ഇന്ത്യക്കെതിരെ മത്സരത്തിനിറങ്ങുന്നത്. നേപ്പാളിനെതിരെ നേടിയ സെഞ്ചുറിയോടെ ഏറ്റവും കുറവ് ഇന്നിങ്ങ്‌സുകളില്‍ നിന്നും 19 ഏകദിനസെഞ്ചുറികളെന്ന നേട്ടം ബാബര്‍ അസം സ്വന്തമാക്കിയിരുന്നു. നായകനെന്ന നിലയില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സെന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ റെക്കോര്‍ഡ് നേട്ടമാണ് ബാബര്‍ കണ്ണുവെയ്ക്കുന്നത്. 30 ഇന്നിങ്ങ്‌സില്‍ നിന്നും 1994 റണ്‍സാണ് പാക് നായകന്റെ പേരിലുള്ളത്. കോലി 36 ഇന്നിങ്ങ്‌സുകളില്‍ നിന്നായിരുന്നു ഈ നേട്ടം സ്വന്തമായത്. ഇന്ത്യയ്‌ക്കെതിരെ 6 റണ്‍സ് നേടാനായാല്‍ കോലിയെ മറികടക്കാന്‍ ബാബര്‍ അസമിനാകും. നിലവിലെ ഫോമില്‍ ബാബറിനെ സംബന്ധിച്ചിടത്തോളം ഇത് അനായാസകരമാകും.

അതേസമയം ബാബറും കോലിയും വീണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഇവരില്‍ മികച്ചവന്‍ ആരാണെന്ന തരത്തില്‍ ഇന്ത്യ പാക് ആരാധകര്‍ തമ്മില്‍ പോര് ശക്തമാകുമെന്ന് ഉറപ്പാണ്. ഇന്ത്യക്കെതിരെ തന്നെ ബാബര്‍ കോലിയുടെ നേട്ടം തകര്‍ക്കുമെന്ന പ്രതീക്ഷയിലാണ് പാക് ആരാധകര്‍. അതേസമയം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ഏകദിനത്തില്‍ നാളെ കളിക്കാനിറങ്ങുന്നത്. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും കളിച്ചിരുന്നില്ല. അതിനാല്‍ തന്നെ പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മത്സരത്തെ വളരെ ആകാംക്ഷയോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :