രാജ്കോട്ട്|
മുജീബ് ബാലുശ്ശേരി|
Last Updated:
വെള്ളി, 8 നവംബര് 2019 (10:59 IST)
രാജ്കോട്ട്: മഹാ ചുഴലിക്കാറ്റ് കളി തടസപ്പെടുത്തുമെന്ന സംശയങ്ങൾക്കിടെ ആരംഭിച്ച
രാജ്കോട്ടിലെ ഇന്ത്യാ ബംഗ്ലാദേശ് രണ്ടാം
ടി20 മത്സരത്തിൽ ആഞ്ഞടിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കെട്ടഴിച്ചു വിട്ട ബാറ്റിങ് കൊടുംക്കാറ്റ്. കരിയറിൽ തന്റെ നൂറാമത് ടി20 മത്സരത്തിന് ഇന്നലെ ഇറങ്ങിയ ഇന്ത്യൻ നായകൻ മറ്റുള്ളവരെ അപ്രസക്തരാക്കുന്ന കാഴ്ചക്കാണ് ഇന്നലെ രാജ്കോട്ട് സ്റ്റേഡിയം സാക്ഷിയായത്.
ആദ്യ ടി20 വിജയത്തിന് ശേഷം ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനായി രാജ്കോട്ടിലെത്തുമ്പോൾ ബംഗ്ലദേശിന്റെ മനസ്സിലുണ്ടായിരുന്നത് തുടർച്ചയായ രണ്ടാം വിജയവും ഒപ്പം ഇന്ത്യയിൽ തങ്ങളുടെ ആദ്യ പരമ്പര വിജയവുമായിരുന്നു. പക്ഷേ, രോഹിത് ശർമയെന്ന ഒറ്റയാൻ ബംഗ്ലാ സ്വപ്നങ്ങളെ തച്ചുടക്കുന്ന കാഴ്ചയാണ് രാജ്കോട്ടിൽ ബംഗ്ലാദേശിനെ കാത്തിരുന്നത്.
മത്സരത്തിൽ ടോസ് നേടിയ
ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിനയക്കുകയായിരുന്നു.
ഒന്നാം വിക്കറ്റിൽ 60 റൺസ് കൂട്ടിച്ചേർത്ത ഓപ്പണർമാരായ ലിട്ടൺ ദാസ് – മുഹമ്മദ് നയിം സഖ്യത്തിന്റെ കരുത്തിൽ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് എന്ന പൊരുതാവുന്ന സ്കോറും സ്വന്തമാക്കി. 31 പന്തിൽ അഞ്ചു ഫോർ സഹിതം 36 റൺസെടുത്ത മുഹമ്മദ് നയീമാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ.
എന്നാൽ മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമ കത്തികയറിയതോടെ ബംഗ്ലാദേശ് സ്വപ്നങ്ങൾ എല്ലാം തന്നെ ചാമ്പലാകുകയായിരുന്നു. ഡൽഹിയിൽ ഏറ്റ തോൽവിക്ക് പലിശ സഹിതം മറുപടി നൽകാനുറച്ചുകൊണ്ട്
ഇത്തവണ മത്സരത്തിനിറങ്ങിയ രോഹിത് തന്റെ രാജ്യാന്തര ട്വന്റി20യിലെ 100മത് മത്സരമെന്ന നാഴികക്കല്ല് ആഘോഷിച്ചത് ആറു വീതം സിക്സും ഫോറും ഉൾപ്പെട്ട
43 പന്തുകളിൽ 85 റൺസെന്ന വെടിക്കെട്ട് പ്രകടനത്തോട് കൂടിയാണ്.
വെറും 23 പന്തിൽ അർധസെഞ്ചുറി പിന്നിട്ട രോഹിത്ത് തന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി എന്ന നേട്ടവും മത്സരത്തിൽ സ്വന്തമാക്കി. 2016ൽ വിൻഡീസിനെതിരെ 22 പന്തിൽ 50 കടന്നതാണ് ഒന്നാം സ്ഥാനത്തുള്ളത്.
ഓപ്പണിങ് വിക്കറ്റിൽ തകർപ്പൻ സെഞ്ചുറി കൂട്ടുകെട്ടുമായി അടിത്തറയിട്ട രോഹിത്-
ധവാൻ സഖ്യത്തിന്റെ ബലത്തിൽ വെറും 15.4 ഓവറിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ 8 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയത്. ഇന്ത്യാ-ബംഗ്ലാദേശ് മൂന്നാം ടി20 മത്സരം നവംബർ പത്താം തിയതി നാഗ്പൂരിൽ വെച്ച് നടക്കും.