ഇന്ത്യ - ബംഗ്ലാദേശ് രണ്ടാം ടി20 മത്സരം അനിശ്ചിതത്വത്തിൽ!

ഡൽഹിയിൽ മോശം കാലാവസ്ഥ, രാജ്‌കോട്ടിൽ ചുഴലിക്കാറ്റ്

ജോൺ എബ്രഹാം| Last Modified ചൊവ്വ, 5 നവം‌ബര്‍ 2019 (13:35 IST)
മോശം കാലാവസ്ഥയിൽ ഡൽഹിയിൽ നടന്ന ആദ്യ ടി20 മത്സരത്തിന് ശേഷം ഈ മാസം 7ന് രാജ്കോട്ടിൽ നടക്കുന്ന ഇന്ത്യാ-ബംഗ്ലാദേശ് രണ്ടാം ടി20 മത്സരം അനിശ്ചിതത്വത്തിൽ. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ പ്രകാരം "മഹാ ചുഴലിക്കാറ്റ്" ഗുജറാത്ത് തീരത്ത് നവംബർ 6ന് എത്തിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ തുടർന്ന് ഏഴാം തിയതി കനത്ത മഴയുണ്ടാവാൻ സാധ്യതയുള്ളതായും കണക്കാക്കുന്നു.

ഇപ്പോൾ ഗുജറാത്ത് തീരത്ത് നിന്നും 600 കിലോമീറ്റർ ദൂരെയായി കേരളാ തീരത്തിന് സമീപം വടക്ക്-പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന മഹാ ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത് തീരത്തിലേക്ക് ഗതിമാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നിലവിലെ ഗതിയനുസരിച്ച് ചുഴലിക്കാറ്റ് ശക്തമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

മഹാ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കുമെങ്കിലും ദീർഘനേരം ഈ അവസ്ഥ തുടരില്ല. ക്രമേണ ശക്തി ക്ഷയിച്ച് ഗുജറാത്ത് തീരത്തേക്ക് നീങ്ങുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്‌കോട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഏഴാം തിയതി കനത്ത മഴയുണ്ടാവാൻ സാധ്യതയുള്ളതിനാൽ ഇവിടെ നടക്കാനിരിക്കുന്ന രണ്ടാം ടി20 മത്സരം നടക്കുമോയെന്നും ആശങ്കയുണ്ട്. ഡൽഹിയിലെ ആദ്യ മത്സരം വിജയിച്ച ബംഗ്ലാദേശ് പരമ്പരയിൽ 1-0ന് മുൻപിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :