അവന് ടെസ്റ്റിൽ എന്ത് ചെയ്യാനാകുമെന്ന് നമ്മൾ കണ്ടതാണ്, റിഷഭിനെ മിസ്സ് ചെയ്യുന്നുവെന്ന് രോഹിത് ശർമ

അഭിറാം മനോഹർ| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (16:34 IST)
ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ റിഷഭ് പന്തിനെ മിസ്സ് ചെയ്യുന്നുവെന്ന് വ്യക്തമാക്കി നായകൻ രോഹിത് ശർമ. വാഹനാപകടത്തിൽ പരിക്ക് പറ്റിയ താരം ചികിത്സയിലിരിക്കുന്നതിനാൽ കെ എസ് ഭരതാണ് പന്തിന് പകരം ടെസ്റ്റ് ടീം കീപ്പർ സ്ഥാനം ഏറ്റെടുത്തത്. എന്നാൽ ഓസ്ട്രേലിയക്കെതിരെ ബാറ്റ് കൊണ്ട് മികച്ച പ്രകടനം നടത്താൻ ഭരതിനായിട്ടില്ല. ഈ സാഹചര്യത്തിലാണ് രോഹിത്തിൻ്റെ തുറന്ന് പറച്ചിൽ.

ഇത്തരം പിച്ചുകളിലെ പ്രകടനം വെച്ച് ഭരതിനെ വിലയിരുത്തുന്നത് അനീതിയാണ്. അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കേണ്ടതായുണ്ട്. ഡിആർഎസ് ഭരതിനെ സംബന്ധിച്ച് പുതിയ കാര്യമാണ്. ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഞാൻ ഭരതിനോട് പറഞ്ഞിട്ടുണ്ട്. കഴിവ് തെളിയിക്കാൻ ഭരതിന് ആവശ്യമായ അവസരം ലഭിക്കും. റിഷഭ് പന്തിന് ബാറ്റ് കൊണ്ട് എന്ത് ചെയ്യാൻ കഴിയുമെന്ന് നമുക്കറിയാം പന്തിനെ വളരെയേറെ മിസ് ചെയ്യുന്നു. അദ്ദേഹം കീപ്പിംഗിലും മികച്ചതാണ്. അഹമ്മദാബാദ് ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ രോഹിത് ശർമ പറഞ്ഞു.

ഇഷാൻ കിഷനെ ഏതെങ്കിലും 2 മത്സരത്തിൽ ഉൾപ്പെടുത്തിയ ശേഷം ഒഴിവാക്കില്ലെന്നും രണ്ട് രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ മത്സരം കാണാനെത്തുമെന്നതിൻ്റെ ആകാംക്ഷയിലാണ് ഇന്ത്യൻ ടീം ഉള്ളതെന്നും രോഹിത് വ്യക്തമാക്കി. നിലവിൽ പരമ്പരയിൽ 2-1ന് മുൻപിലാണ് ഇന്ത്യ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :