ലോകകപ്പ് പ്രതീക്ഷ വെള്ളത്തിന് മുകളില്‍ വരച്ച വര, വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ പരാജയം

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ജൂലൈ 2023 (09:02 IST)
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിനക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ടീം വിശ്രമം അനുവദിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള യുവനിരയാണ് വെസ്റ്റിന്‍ഡീസിനെതിരെ ഇറങ്ങിയത്. ആറ് വിക്കറ്റിനാണ് രണ്ടാം ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഇഷാന്‍ കിഷനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന ഓപ്പണിങ്ങ് സഖ്യം നല്‍കിയത്.90 റണ്‍സിന് ആദ്യ വിക്കറ്റ് വീണശേഷം പക്ഷേ പവലിയനിലേക്ക് വലിയ ഘോഷയാത്രയാണ് ഇന്ത്യന്‍ സംഘം നടത്തിയത്. മലയാളി താരം സഞ്ജു സാംസണും ആരാധകരെ നിരാശയിലാഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗ് താരം ഇഷാന്‍ കിഷന്‍ 55 റണ്‍സ് സ്വന്തമാക്കി. 34 റണ്‍സുമായി ശുഭ്മാന്‍ ഗില്‍, 24 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടീമിലെ മറ്റ് സ്‌കോറര്‍മാര്‍. അതേസമയം ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സെന്ന വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ വെറും 36.4 ഓവറിലാണ് വെസ്റ്റിന്‍ഡീസ് മറികടന്നത്.

80 പന്തില്‍ 63 റണ്‍സുമായി തിളങ്ങിയ നായകന്‍ ഷെയി ഹോപ്‌സാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍. ഹോപ്‌സ് തന്നെയാണ് കളിയിലെ താരമായും തിരെഞ്ഞെടുക്കപ്പെട്ടത്. 48 റണ്‍സുമായി കീസി കാര്‍ട്ടിയും 36 റണ്‍സുമായി കെയ്ല്‍ മെയേഴ്‌സും വിന്‍ഡീസ് നിരയില്‍ തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി ശാര്‍ദൂല്‍ താക്കൂര്‍ 3 വിക്കറ്റ് വീഴ്ത്തി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :