അഭിറാം മനോഹർ|
Last Modified വ്യാഴം, 20 മെയ് 2021 (19:31 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ നേരിടാൻ ഇന്ത്യ ഭയക്കുന്നില്ലെന്ന് ചേതേശ്വർ പൂജാര. സമീപകാലത്ത് വിദേശത്ത് നടന്ന ടെസ്റ്റുകളിൽ കിവീസ് ബൗളിങ്ങിനെതിരെ ഇന്ത്യ പതറിയിട്ടുണ്ട്. അവസാനമായി കളിച്ച രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുജാരയുടെ പ്രതികരണം.
കിവീസ് ബൗളർമാരുടെ തന്ത്രങ്ങളെ പറ്റി തങ്ങൾക്ക് കൃത്യമായി അറിയാമെന്നും അവരെ നേരിടാൻ തയ്യാറായി തന്നെയാണ് ഇന്ത്യ
ഫൈനൽ മത്സരത്തിനിറങ്ങുന്നതെന്നും
പുജാര വ്യക്തമാക്കി.കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീം വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഫൈനലിലും ഇറങ്ങുക.കഴിഞ്ഞ വർഷം ഇന്ത്യക്കെതിരെ സമ്പൂർണ വിജയം നേടിയതിനാൽ ന്യൂസിലൻഡിന് മുൻതൂക്കമുണ്ടെന്ന് പറയാനാകില്ല.
2020ല്‍ ഞങ്ങള്‍ കിവീസിനെതിരേ അവരുടെ നാട്ടില്‍ കളിച്ചതാണ്. എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇതു മുന്‍തൂക്കം നല്‍കില്ല. കാരണം നിഷ്പക്ഷ വേദിയിലാണ് ഫൈനല്‍. സമീപകാലത്തു വിദേശത്തു മികച്ച പ്രകടനമാണ് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നത്. ബാറ്റിങ്,ബൗളിങ് തുടങ്ങി എല്ലാ മേഖലയിലും ഇന്ത്യക്ക് മികച്ച താരങ്ങളുണ്ട്.കഴിവിനൊത്ത പ്രകടനം നടത്താനായാല്‍ ലോകത്തിലെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്നും പുജാര വ്യക്തമാക്കി.