രോഹിത്തിന് പ്രിയപ്പെട്ടവരായി നാല് താരങ്ങള്‍; ഇവര്‍ ട്വന്റി 20 ലോകകപ്പിന് ഉറപ്പ്

രേണുക വേണു| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (11:42 IST)

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി പരമ്പരയിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിച്ച് നാല് താരങ്ങള്‍. ട്വന്റി 20 ലോകകപ്പ് മുന്നില്‍കണ്ട് ഈ നാല് താരങ്ങളെ പ്രത്യേകം നിരീക്ഷിക്കാന്‍ ബിസിസിഐ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നായകന്‍ രോഹിത് ശര്‍മയുടേയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റേയും ഇഷ്ടം പിടിച്ചുപറ്റിയ ഈ നാല് താരങ്ങള്‍ ഈ വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ക്ക് ശേഷവും രോഹിത് ഈ നാല് താരങ്ങളെ കുറിച്ചാണ് ഏറ്റവും കൂടുതല്‍ വാചാലനായത്.

സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരാണ് ഈ നാല് താരങ്ങള്‍. മധ്യനിരയെ ശക്തിപ്പെടുത്താന്‍ സൂര്യകുമാറിന് സാധിക്കുന്നു എന്നാണ് രോഹിത്തിന്റെ വിലയിരുത്തല്‍. വെങ്കടേഷ് അയ്യരിലൂടെ ധോണിയുടേയും ഹാര്‍ദിക് പാണ്ഡ്യയുടേയും വിടവ് നികത്താന്‍ സാധിക്കുന്നു. ബിഗ് ഹിറ്ററായ വെങ്കടേഷ് അയ്യര്‍ ഒരേസമയം മികച്ച ഫിനിഷറും ഓള്‍റൗണ്ടറുമാണ്. ആറാം ബൗളര്‍ എന്ന തലവേദനയ്ക്കും ഇതോടെ ഉത്തരമായി. തുടര്‍ച്ചയായി ഗൂഗ്ലികള്‍ എറിയാന്‍ കെല്‍പ്പുള്ള രവി ബിഷ്‌ണോയിയും രോഹിത്തിന്റെ ഇഷ്ടം പിടിച്ചുപറ്റി. ബിഷ്‌ണോയിയെ ഭാവിയുടെ താരമെന്നാണ് രോഹിത് വിശേഷിപ്പിച്ചത്. വാലറ്റം ബാറ്റിങ്ങില്‍ പരാജയപ്പെടുന്നത് വലിയൊരു തലവേദനയായി രോഹിത് കണ്ടിരുന്നു. ഹര്‍ഷല്‍ പട്ടേല്‍ മികച്ചൊരു പേസ് ബൗളര്‍ ആണെന്നതിനൊപ്പം വാലറ്റത്ത് നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബൗളര്‍ കൂടിയായതിനാല്‍ അതും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ദീപക് ചഹറും ഈ പട്ടികയില്‍ ഇടം പിടിക്കുന്ന മറ്റൊരു താരമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :