രേണുക വേണു|
Last Updated:
ഞായര്‍, 9 മാര്‍ച്ച് 2025 (22:02 IST)
India vs New Zealand, Champions Trophy Final: ട്വന്റി 20 ലോകകപ്പിനു പിന്നാലെ ചാംപ്യന്‍സ് ട്രോഫിയും സ്വന്തമാക്കി ഇന്ത്യ. കരുത്തരായ ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു കീഴടക്കിയാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ ആറ് ബോളുകളും നാല് വിക്കറ്റുകളും ശേഷിക്കെ വിജയം സ്വന്തമാക്കി. 2013 ലാണ് ഇന്ത്യ അവസാനമായി ചാംപ്യന്‍സ് ട്രോഫി നേടിയത്.
ഫൈനലില്‍ നായകന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 83 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 76 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ (62 പന്തില്‍ 48), കെ.എല്‍.രാഹുല്‍ (33 പന്തില്‍ പുറത്താകാതെ 34), ശുഭ്മാന്‍ ഗില്‍ (50 പന്തില്‍ 31), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ 18) എന്നിവരും ഇന്ത്യക്കായി തിളങ്ങി. രവീന്ദ്ര ജഡേജ ഫോര്‍ അടിച്ചുകൊണ്ടാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്.
10 ഓവറില്‍ 40 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവും 10 ഓവറില്‍ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കിയ വരുണ്‍ ചക്രവര്‍ത്തിയുമാണ് കിവീസ് ബാറ്റര്‍മാരെ മെരുക്കിയത്. രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് ഷമിക്കും ഓരോ വിക്കറ്റ്. ഡാരില്‍ മിച്ചല്‍ (101 പന്തില്‍ 63) ആണ് കിവീസ് ടോപ് സ്‌കോറര്‍.