Rohit Sharma: 'ആര്‍ക്കാടാ ഞാന്‍ വിരമിക്കണ്ടേ'; ഫൈനലില്‍ 'ഹിറ്റ്മാന്‍ ഷോ', കോലി നിരാശപ്പെടുത്തി

ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ വിമര്‍ശകരുടെ വായയടയ്പ്പിക്കുന്ന 'മാച്ച് വിന്നിങ്' ഇന്നിങ്‌സാണ് ഇന്ത്യന്‍ നായകന്‍ കളിച്ചത്

Rohit Sharma - Champions Trophy Final
രേണുക വേണു| Last Modified ഞായര്‍, 9 മാര്‍ച്ച് 2025 (20:43 IST)
Rohit Sharma - Champions Trophy Final

Rohit Sharma: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ആരാധകരെ നിരാശപ്പെടുത്താതെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഈ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിക്കാന്‍ രോഹിത്തിനു സാധിച്ചിരുന്നില്ല. രോഹിത്തിന്റെ ക്രിക്കറ്റ് ഭാവി തന്നെ ചോദ്യം ചെയ്യപ്പെടുന്ന സമയത്താണ് ഫൈനലിലെ 'പൊന്നുംവില'യുള്ള ഇന്നിങ്‌സ്.

ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ വിമര്‍ശകരുടെ വായയടയ്പ്പിക്കുന്ന 'മാച്ച് വിന്നിങ്' ഇന്നിങ്‌സാണ് ഇന്ത്യന്‍ നായകന്‍ കളിച്ചത്. 83 പന്തില്‍ നിന്ന് 76 റണ്‍സെടുത്താണ് രോഹിത്തിന്റെ പുറത്താകല്‍. ഏഴ് ഫോറും മൂന്ന് സിക്‌സും അടങ്ങിയതാണ് ഇന്നിങ്‌സ്.

പവര്‍പ്ലേയില്‍ പരമാവധി ആക്രമിച്ചു കളിച്ച് ന്യൂസിലന്‍ഡിന്റെ ആത്മവിശ്വാസം തകര്‍ക്കാനാണ് രോഹിത് ശ്രമിച്ചത്. ആദ്യ പത്ത് ഓവറുകള്‍ കഴിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 64 റണ്‍സാണ് ഇന്ത്യ നേടിയത്. ഇതില്‍ 40 പന്തില്‍ 49 റണ്‍സും രോഹിത്തിന്റെ ബാറ്റില്‍ നിന്നാണ്.

36 പന്തില്‍ 41, 15 പന്തില്‍ 20, 17 പന്തില്‍ 15, 29 പന്തില്‍ 28 എന്നിങ്ങനെയാണ് രോഹിത് ചാംപ്യന്‍സ് ട്രോഫിയില്‍ നേടിയ മറ്റു സ്‌കോറുകള്‍. ചാംപ്യന്‍സ് ട്രോഫിയിലെ രോഹിത്തിന്റെ ആദ്യ അര്‍ധ സെഞ്ചുറി കൂടിയാണ് ഫൈനലില്‍ പിറന്നത്.

അതേസമയം ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലീഡിങ് റണ്‍സ് സ്‌കോററായ വിരാട് കോലി ഫൈനലില്‍ നിരാശപ്പെടുത്തി. രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് കോലി പുറത്തായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :