സ്റ്റീവന്‍ സ്മിത്ത് രക്ഷകനായി, ഓസീസ് കരകയറുന്നു

മെല്‍ബണ്‍| Last Modified വെള്ളി, 26 ഡിസം‌ബര്‍ 2014 (12:45 IST)
ഇന്ത്യന്‍ ബൌളര്‍മാരുടെ മൂര്‍ച്ചയേറിയ ബൌളിംഗിനു മുന്നില്‍ തകര്‍ന്നടിഞ്ഞുകൊണ്ടിരുന്ന ഓസീസ് ടീമിനെ സ്റ്റീവന്‍ സ്മിത്ത് കരകയറ്റുന്നു.
ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്ക് അഞ്ചു വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ സ്റ്റീവന്‍ സ്മിത്ത് ഒരിക്കല്‍ക്കൂടി രക്ഷകവേഷണിഞ്ഞപ്പോള്‍ ഓസീസിന് ഭേദപ്പെട്ട നിലയിലേക്ക് കരകയറാന്‍ സാധിച്ചു.

ടോസ് നേടി ബാറ്റുചെയ്ത ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ചിന് 259 എന്ന നിലയിലാണ്. ഒരവസരത്തില്‍ മൂന്നിന് 115 എന്ന നിലയില്‍ പരുങ്ങിയ ഓസ്ട്രേലിയയെ കരകയറ്റിയത് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ പോരാട്ടമായിരുന്നു. സ്മിത്ത് പുറത്താകാതെ 72 റണ്‍സെടുത്തിട്ടുണ്ട്. 23 റണ്‍സെടുത്ത് ബ്രാഡ് ഹാഡിനാണ് സ്മിത്തിന് കൂട്ടായുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവും മൊഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

കളിയുടെ തുടക്കത്തില്‍ സ്കോര്‍ ഒന്നില്‍നില്‍ക്കെ വാര്‍ണര്‍ പുറത്തായി. എന്നാല്‍
ക്രിസ് റോഗേഴ്സും (57), ഷെയ്ന്‍ വാട്ട്സണും‍(52) തങ്ങളുടെ അര്‍ധ സെഞ്ചുറികളുടെ ബലത്തില്‍ 115 റണ്‍സ് എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചു. എന്നാല്‍
സ്കോര്‍ 115ല്‍ നില്‍ക്കെ ഇരുവരും പുറത്തായി. ഇതോടെ ആഥിതേയരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്ത് ഷോണ്‍ മാര്‍ഷ്, ഹാഡിന്‍ എന്നിവരെ കൂട്ടുപിടിച്ച്
ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു.

ഷോണ്‍ മാര്‍ഷ് 32 റണ്‍സെടുത്ത് പുറത്തായപ്പോള്‍ പകരമെത്തിയ
ജോ ബേണ്‍സ് 13 റണ്‍സെടുത്ത് നില്‍ക്കവെ പുറത്തായി. പിന്നീടെത്തിയ ഹാഡിന്‍ കളിനിര്‍ത്തുമ്പോള്‍ പുറത്താകാതെ 23 റണ്‍സെടുത്തു. നാലാം വിക്കറ്റില്‍ മാര്‍ഷും സ്മിത്തും ചേര്‍ന്ന് 69 റണ്‍സും ആറാം വിക്കറ്റില്‍ സ്മിത്തും ഹാഡിനും റണ്‍സും സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കര്‍ണാടകക്കാരനായ കെ എല്‍ രാഹുല്‍ ഇന്ത്യയ്ക്കുവണ്ടിയും ജോ ബേണ്‍സ് ഓസീസിനുവേണ്ടിയും ടെസ്റ്റില്‍ അരങ്ങേറി. വരുണ്‍ ആരോണിന് ടീമില്‍ ഇടം നഷ്ടമായപ്പോള്‍ മൊഹമ്മദ് ഷമി തിരിച്ചെത്തി. രാഹുലിന്റെ അരങ്ങേറ്റത്തിന് രോഹിത് ശര്‍മ്മ വഴിമാറിക്കൊടുത്തു. ഓസീസ് ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായപ്പോള്‍ ജോ ബേണ്‍സിനൊപ്പം റയാന്‍ ഹാരിസ് ടീമില്‍ തിരിച്ചെത്തി.

ആദ്യ രണ്ടു ടെസ്റ്റുകളും ജയിച്ച ഓസീസ് പരമ്പരയില്‍ 2-0ന് മുന്നിലാണ്. നാലു മല്‍സരങ്ങളാണ് ടെസ്റ്റ് പരമ്പരയിലുള്ളത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :