അഭിറാം മനോഹർ|
Last Modified വെള്ളി, 27 നവംബര്‍ 2020 (15:37 IST)
ഐപിഎല്ലിൽ ഇത്തവണ ഏറ്റവും പരിഹാസം ഏറ്റുവാങ്ങിയ ക്രിക്കറ്റർ ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമാണുള്ളത് അത് പഞ്ചാബിന്റെ ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെൽ ആയിരുന്നു. ഐപിഎല്ലിൽ പഞ്ചാബിനായി ഒരു മികച്ച പ്രകടനം പോലും നടത്താത്ത താരം ഇപ്പോളിതാ തന്റെ ക്ലാസിന് ഒരു കുറവും വന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
ഐപിഎൽ പതിമൂന്നാം സീസണിൽ പഞ്ചാബിന് വേണ്ടി 13 മത്സരങ്ങൾ കളിച്ച മാക്‌സ്‌വെൽ വെറും 108 റൺസുകൾ മാത്രമാണ് നേടിയിരുന്നത്. 32 റൺസ് ഉയർന്ന സ്കോർ. ബാറ്റിങ്ങ് ശരാശരി ആകട്ടെ 15.42 മാത്രം സ്ട്രൈക്ക് റേറ്റ് 101. എന്നാൽ ഇന്ത്യക്കെതിരെ നടന്ന ആദ്യ ഏകദിനത്തിൽ കാണാനായത് കളിക്കളത്തിൽ എതിരാളികളെ നിഷ്‌പ്രഭരാക്കുന്ന മാക്‌സി മാജിക്ക്.വെറും 19 പന്തിൽ നിന്നും 5 ഫോറുകളും 3 സിക്‌സറുകളും ഉൾപ്പടെ 45 റൺസ്. 236 സ്ട്രൈക്ക് റേറ്റ്.
ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ഐപിഎല്ലിൽ മാത്രമാണ് മാക്‌സ്‌വെല്ലിന് കാലിടറുന്നതെന്ന് വ്യക്തമാവുകയാണ്. നേരത്തെ ഐപിഎല്ലിന് മുൻപ് ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്ന് ഏകദിനങ്ങളിലും തകർപ്പൻ പ്രകടനമായിരുന്നു മാക്‌സ്‌വെൽ നടത്തിയത്.