രേണുക വേണു|
Last Modified ചൊവ്വ, 31 ഒക്‌ടോബര്‍ 2023 (15:23 IST)
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഇമാം ഉള്‍ ഹഖിനെ ഒഴിവാക്കി പാക്കിസ്ഥാന്‍. ഇമാം ഉള്‍ ഹഖിന് പകരം ഫഖര്‍ സമാന്‍ ആണ് ഓപ്പണറായി പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചിരിക്കുന്നത്. ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ നിന്ന് 27 ശരാശരിയില്‍ 162 റണ്‍സ് മാത്രമാണ് ഇമാം ഇതുവരെ നേടിയിരിക്കുന്നത്. മോശം പ്രകടനത്തെ തുടര്‍ന്നാണ് ഇമാം ഉള്‍ ഹഖിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യാ കപ്പില്‍ മോശം പ്രകടനമാണ് ഇമാം പാക്കിസ്ഥാനായി കാഴ്ചവെച്ചത്. ഏഷ്യാ കപ്പില്‍ 16.25 ശരാശരിയില്‍ നാല് ഇന്നിങ്‌സുകളില്‍ നിന്ന് ഇമാം നേടിയത് 65 റണ്‍സ് മാത്രം. എന്നിട്ടും ലോകകപ്പിലെ മത്സരങ്ങളില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ചതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇമാം ഉള്‍ ഹഖിന്റെ അമ്മാവനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹഖ്. ഇന്നലെയാണ് ഇന്‍സമാം തല്‍സ്ഥാനത്തു നിന്ന് രാജിവെച്ചത്. ഇന്‍സമാം രാജിവെച്ചതിനു പിന്നാലെ ഇമാം പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെട്ടു. ഇന്‍സമാമിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണോ ഇതുവരെ ഇമാം ഉള്‍ ഹഖിനെ കളിപ്പിച്ചതെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യം.