ഐസിസി ടി20 റാങ്കിങ്ങിൽ വൻ നേട്ടം സ്വന്തമാക്കി ഇഷാൻ കിഷൻ, ടെസ്റ്റിൽ ജോ റൂട്ട് ഒന്നാമത്

അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജൂണ്‍ 2022 (18:48 IST)
ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി ഇഷാൻ കിഷൻ. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ കിഷൻ ബാറ്സ്മാന്മാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടി. അതേസമയം ടെസ്റ്റ് റാങ്കിങ്ങിൽ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ന്യൂസിലണ്ടിനെതിരായ പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് റൂട്ടിന് തുണയായത്.

ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ ഏറ്റവും മികച്ച ഫോമിലാണ് റൂട്ട് ഉള്ളത്. കഴിഞ്ഞ ദിവസം റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ 27മത് സെഞ്ചുറി കുറിച്ചിരുന്നു. അലിസ്റ്റർ കുക്കിന് ശേഷം 10,000 ടെസ്റ്റ് റൺസ് കണ്ടെത്തുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡും റൂട്ട് നേടിയിരുന്നു.കിവീസിനെതിരായ രണ്ട് ടെസ്റ്റിലും സെഞ്ചുറി സ്വന്തമാക്കാൻ താരത്തിനായിരുന്നു.

897 പോയിന്റുള്ള ഓസീസിന്റെ മാർനസ് ലാബുഷെയ്ൻ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. രോഹിത് ശർമ എട്ടാമതും വിരാട് കോലി പത്താമതുമാണ്. സ്റ്റീവ് സ്മിത്ത് (3) ബാബർ അസം (4), കെയ്ൻ വില്യംസൺ(5 ) ദിമുത് കരുണരത്നെ
(6), ഉസ്മാന്‍ ഖവാജ (7), ട്രാവിസ് ഹെഡ് (9) എന്നിവാണ് ആദ്യ പത്തിലുള്ള മറ്റുതാരങ്ങള്‍.

ബൗളർമാരിൽ പാറ്റ് കമ്മിൻസ് തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ആർ അശ്വിൻ, ജസ്പ്രീത് ബുമ്രാ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. അശ്വിന്‍ രണ്ടാം സ്ഥാനത്താണ്. ടി20 റാങ്കിങ്ങിൽ ഏഴാം സ്ഥാനത്താണ് ഇഷാൻ കിഷൻ. ടി20 റാങ്കിങ്ങിൽ ആദ്യപത്തിലുള്ള ഏക ഇന്ത്യൻ താരവും കിഷനാണ്.818 പോയിന്റുമായി പാകിസ്ഥാന്റെ ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :