ആദ്യ ടെസ്റ്റിലെ പ്രകടനം തുണച്ചു, റാങ്കിങിൽ ബു‌മ്രയ്ക്ക് മുന്നേറ്റം, കോലിയെ താഴെയിറക്കി റൂട്ട്

അഭിറാം മനോഹർ| Last Modified ബുധന്‍, 11 ഓഗസ്റ്റ് 2021 (17:13 IST)
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തോട് കൂടി റാങ്കിങിൽ മുന്നേറി ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്ര.
നോട്ടിങ്‌ഹാം ടെസ്റ്റിലെ 9 വിക്കറ്റ് പ്രകടനത്തോടെ 10 സ്ഥാനങ്ങൾ കയറി ആദ്യപത്തിലെത്താൻ താരത്തിനായി. ടെസ്റ്റ് റാങ്കിങിൽ മൂന്നാം സ്ഥാനത്തെത്തിയതാണ് ബു‌മ്രയുടെ ഏറ്റവും മികച്ച നേട്ടം. നിലവിൽ ലോക റാങ്കിങിൽ ഒമ്പതാം സ്ഥാനത്താണ് താരം.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം ഫോം തുടരുന്ന ഇന്ത്യൻ നായകൻ വിരാട് കോലി ബാറ്റ്സ്മാന്മാരുടെ റാങ്കിങിൽ ഒരു സ്ഥാനം ഇറങ്ങി അഞ്ചാം സ്ഥാനത്തെത്തി. ഇംഗ്ലണ്ട് താരം ജോ റൂട്ടാണ് കോലിയെ മറികടന്നത്. നോട്ടിങ്‌ഹാമിലെ ആദ്യ ടെസ്റ്റിൽ കോലി 0 റൺസിന് പുറത്തായപ്പോൾ റൂട്ട് ആദ്യ ഇന്നിങ്സിൽ 64ഉം രണ്ടാമിന്നിങ്സിൽ 109ഉം റൺസ് നേടിയിരുന്നു. ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയും റിഷഭ് പന്തുമാണ് ആറും ഏഴും സ്ഥാനങ്ങളിലുള്ളത്.

ബൗളർമാരുടെ പട്ടികയിൽ ഓസീസ് പേസർ പാറ്റ് കമ്മിൻസാണ് റാങ്കിങിൽ ഒന്നാമത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിനാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഷാർദൂൽ ടാക്കൂർ 19 സ്ഥാനം കയറി 55ആം സ്ഥാനത്താ. ടെസ്റ്റ് ഓൾറൗണ്ടർമാരുടെ പട്ടികയിൽ രവീന്ദ്ര ജഡേജയാണ് രണ്ടാം സ്ഥാനത്ത്. വിൻഡീസിന്റെ ജേസൺ ഹോൾഡറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :