രേണുക വേണു|
Last Modified ശനി, 7 ഓഗസ്റ്റ് 2021 (09:19 IST)
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്‍. ഒരു ടോപ് ക്ലാസ് ഓള്‍റൗണ്ടര്‍ക്ക് വേണ്ട എല്ലാ ഗുണങ്ങളും ജഡേജയ്ക്കുണ്ടെന്ന് സഹീര്‍ പറഞ്ഞു. സമീപകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ജഡേജയെന്നും സഹീര്‍ പ്രശംസിച്ചു.
ജഡേജ പത്തോ പതിനഞ്ചോ ടെസ്റ്റ് മത്സരങ്ങള്‍ അല്ല കളിച്ചിട്ടുള്ളത്. അദ്ദേഹം തന്റെ ക്രിക്കറ്റ് കരിയറിലെ 53-ാം ടെസ്റ്റാണ് ഇപ്പോള്‍ കളിക്കുന്നത്. അമ്പത് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഒരു താരം ബാറ്റിങ്, ബൗളിങ് ആവറേജ് കൃത്യമായി കാത്തുസൂക്ഷിക്കുന്നുണ്ടെങ്കില്‍ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരെ കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പേര് മുന്‍പന്തിയില്‍ ഉണ്ടാകും. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ജഡേജയുടെ പ്രകടനം മികച്ചതാണ്. ഇതെല്ലാം മികച്ച ഓള്‍റൗണ്ടര്‍ക്കുള്ള ലക്ഷണങ്ങളാണെന്നും സഹീര്‍ പറഞ്ഞു.