സഞ്ജുവിന് നെഞ്ചിടിപ്പേറുന്നു, ലോകകപ്പിന് ടീമുകൾ സമർപ്പിക്കേണ്ട അവസാന തീയ്യതി പ്രഖ്യാപിച്ച് ഐസിസി

അഭിറാം മനോഹർ|
ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീം പ്രഖ്യാപിക്കേണ്ട അവസാന തീയ്യതി പ്രഖ്യാപിച്ച് ഐസിസി. സെപ്റ്റംബര്‍ അഞ്ചിന് മുന്‍പ് ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ ടീമംഗങ്ങളുടെ പട്ടിക പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ് ഐസിസി നല്‍കിയിരിക്കുന്നത്.

ടീം അംഗങ്ങളുടെ പട്ടിക സമര്‍പ്പിച്ച ശേഷം ഏതെങ്കിലും താരത്തിന് പരിക്കേല്‍ക്കുകയോ കളിക്കാന്‍ കഴിയാത്ത സാഹചര്യം വരികയോ ചെയ്താല്‍ ഐസിസി അനുമതിയോടെ മാത്രമെ പകരം കളിക്കാരനെ പ്രഖ്യാപിക്കാനാകു. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുന്‍പ് ഓഗസ്റ്റ് 31 മുതല്‍ ഏഷ്യാകപ്പ് നടക്കുമെന്നതിനാല്‍ ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഇടം പിടിക്കുന്ന താരങ്ങളെല്ലാം തന്നെ ലോകകപ്പ് ടീമിലും ഇടം നേടാന്‍ സാധ്യതയേറെയാണ്. അതേസമയം ഏഷ്യാകപ്പിന് മുന്‍പായി നടക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിലെ പ്രകടനം മലയാളി താരം സഞ്ജു സാംസണിന് നിര്‍ണായകമാകും. വിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങാനായാല്‍ ഏഷ്യാകപ്പിലും ലോകകപ്പിലും ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് അവസരമൊരുങ്ങിയേക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :