അഭിറാം മനോഹർ|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2019 (10:25 IST)
അടുത്ത വർഷമാണ് ഇന്ത്യ-ഓസീസ് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയെങ്കിലും മത്സരത്തിന്റെ ആവേശം ഇപ്പോൾ തന്നെ ക്രിക്കറ്റ് ലോകത്ത് ശക്തമാണ്.
ടിം പെയ്ൻ ഇന്ത്യൻ ടീമിനെ പിങ്ക് ടെസ്റ്റ് കളിക്കായി വെല്ലുവിളിക്കുന്നതും പോണ്ടിങിന്റെ പ്രസ്ഥാവനയുമെല്ലാം ഇതിന് കൊഴുപ്പുകൂട്ടുന്നുണ്ട്. എന്നാൽ ഇന്ത്യയെ വെല്ലുവിളിച്ച് ഓസീസ് പണി വാങ്ങിക്കരുതെന്നാണ് മുൻ ഓസീസ് താരം ഇയാൻ ചാപ്പലിന് പറയാനുള്ളത്.
ഇന്ത്യയുമായി ഡേ-നൈറ്റ് ടെസ്റ്റ് കളിച്ചാൽ തിരിച്ചടി ഉണ്ടാകുക ഓസീസിന് തന്നെയായിരിക്കും എന്നാണ് ചാപ്പൽ പറയുന്നത്. ഇതിനുള്ള കാരണവും അദ്ദേഹം പറയുന്നുണ്ട്. ഇന്ത്യയുടെ ബൗളിങ് നിര കരുത്തുറ്റതാണ് മാത്രവുമല്ല ഏത് സാഹചര്യവുമായും പൊരുത്തപ്പെടുന്ന കോലിയുടെ നായകത്വം കൂടിയാകുമ്പോൾ ഇന്ത്യക്ക് മുൻതൂക്കം ലഭിക്കുന്നതായും ചാപ്പൽ പറയുന്നു.
നേരത്തെ ബൗളിങ് നിലവാരത്തിൽ ഓസീസിനായിരിക്കും മുൻതൂക്കമെന്ന് മുൻ ഓസീസ് നായകൻ കൂടിയായ റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പിങ്ക് ടെസ്റ്റ് എന്ന സാധ്യത മാത്രമെ ഇപ്പോൾ നിലവിലുള്ളുവെന്നും ഇതിനെ സംബന്ധിച്ച് ചർച്ചകളൊന്നും ഇതുവരെയും നടന്നിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസം ബി സി സി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്.