സഞ്ജുവില്ലാതെ ഇന്ത്യൻ ടീം,തിരുവനന്തപുരത്ത് കാണികളുടെ രോഷം

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (12:54 IST)
എം എസ് ധോണിയുടെ പിൻഗാമിയെന്ന ലേബലിൽ ഇന്ത്യൻ ടീമിലെത്തിയ താരമാണ് ഋഷഭ് പന്ത്. ബാറ്റ് കൊണ്ട് മികച്ച പ്രകടനങ്ങൾ തന്റെ തുടക്കക്കാലത്ത് പന്ത് കാഴ്ചവെച്ചിരുന്നെങ്കിലും അടുത്ത കാലത്തായി പന്തിനും മോശം സമയമാണ്. തന്റെ മേൽ ചാർത്തപ്പെട്ട വിശേഷണത്തിനോട് നീതി പുലർത്തുന്ന ഒരു പ്രകടനവും അടുത്തകാലത്തൊന്നും പന്ത് പുറത്തെടുത്തിട്ടില്ല. ബാറ്റിങ്ങിലും കീപ്പിങിലും പലപ്പോഴും പിഴവുകൾ വരുത്തുന്ന പന്ത് കടുത്ത വിമർശനമാണ് അടുത്തകാലത്തായി നേരിടുന്നത്.

ഫോമിലല്ലാത്ത പന്തിന് പകരം മലയാളി താരം സഞ്ജുവിനെ ടീമിലെടുത്തെങ്കിലും ഒരു മത്സരത്തിലും സഞ്ജുവിന് അവസരം നൽകാതിരുന്നതും പന്തിന് മേലുള്ള ആരാധകരുടെ പ്രതിഷേധത്തിനും ആക്കം കൂട്ടി. തിരുവനന്തപുരത്ത് നടക്കുന്ന രണ്ടാം മത്സരത്തിലും സഞ്ജു ഇല്ലാതെയുള്ള ഇന്ത്യൻ ടീം പുറത്തുവിട്ടപ്പോൾ ആരാധകർ തീർത്തും നിരാശരായി. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ ഇന്ത്യ രണ്ടാം മത്സരത്തിലും നിലനിർത്തുകയായിരുന്നു.

ഈ തീരുമാനത്തെ കൂക്കിവിളിച്ചുകൊണ്ടാണ് ആരാധകർ പ്രതികരിച്ചത്. ഗ്ലൗസ് നൽകാൻ സഞ്ജു ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ സ്റ്റേഡിയം ഹർഷാരവത്താൽ മുങ്ങുകയും ചെയ്തു. സഞ്ജു കളിക്കാനിറങ്ങാത്തതിന്റെ ദേഷ്യം ആരാധകർ പക്ഷേ തീർത്തത് മൊത്തം പന്തിന് നേരെയായിരുന്നു. അഞ്ചാം ഓവറിൽ എവിൻ ലൂയിസിന്റെ ക്യാച്ച് പന്ത് നഷ്ടപ്പെടുത്തുകകൂടി ചെയ്തതോടെ കാണികൾ ഒന്നടങ്കം പൊട്ടിത്തെറിച്ചു. ഒടുവിൽ പന്തിനെതിരെയുള്ള പ്രതിഷേധം തണുക്കാൻ കോലിക്ക് തന്നെ ഇടപെടേണ്ടിവന്നു. പന്തിനെതിരെയുള്ള പ്രതിഷേധം ഒഴിവാക്കാൻ അല്പം പരുഷമായി തന്നെയായിരുന്നു കോലിയുടെ പ്രതികരണം.

നേരത്തെ പന്തിന്റെ കഴിവിൽ പൂർണവിശ്വാസം ഉണ്ടെന്നും അവൻ ഒരു അവസരം നഷ്ടപ്പെടുത്തുമ്പോൾ ധോണി ധോണി വിളികൾ കൊണ്ട് അവന്റെ ആത്മവിശ്വാസം കെടുത്തരുതെന്നും കോലി പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :