‘ഞാനിറങ്ങുന്നത് ടീമിനായി മാത്രമല്ല‘; രോഹിത് ഉന്നംവച്ചത് കോഹ്‌ലിയേയും ശാസ്‌ത്രിയേയും ? - വിവാദം ആളിക്കത്തിച്ച് ഹിറ്റ്‌മാന്റെ ട്വീറ്റ്

 rohit sharma , team india , virat kohli , dhoni , ഇന്ത്യന്‍ ടീം , ലോകകപ്പ് , രോഹിത് ശര്‍മ്മ , വിരാട് കോഹ്‌ലി
മുംബൈ| Last Updated: വ്യാഴം, 1 ഓഗസ്റ്റ് 2019 (13:54 IST)
ഇന്ത്യന്‍ നാ‍യകന്‍ വിരാട് കോഹ്‌ലിയും വൈസ്‌ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കോഹ്‌ലി പറയുമ്പോഴും ടീമിലെ സാഹചര്യം അങ്ങനെയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ ടീം അമേരിക്കയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെ രോഹിത് ട്വിറ്ററിലിട്ട ഒരു പോസ്‌റ്റാണ് ഇപ്പോള്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. “ഞാനിറങ്ങുന്നത് എന്റെ ടീമിനായി മാത്രമല്ല, എന്റെ രാജ്യത്തിന് വേണ്ടികൂടിയാണ്”- എന്നാണ് രോഹിത് ട്വീറ്റ് ചെയ്‌തത്.

എങ്ങും തൊടാതെയുള്ള ഈ ഹിറ്റ്‌മാന്റെ ഈ പരാമര്‍ശമാണ് ആരാധകരില്‍ സംശയമുണ്ടാക്കുന്നത്. ടീമിന് വേണ്ടി മാത്രമല്ല, രാജ്യത്തിന് വേണ്ടി കൂടിയാണ് താന്‍ ഗ്രൌണ്ടിലിറങ്ങുന്നതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ക്യാപ്‌റ്റന്‍ കോഹ്‌ലിയേയും പരിശീലകന്‍ രവി ശാസ്‌ത്രിയേയും ഉന്നം വെച്ചുള്ളതാണെന്ന ആരോപണങ്ങളും ഇതോടെ ശക്തമായി.

ടീമില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കോലിയെയും ഭാര്യ അനുഷ്ക ശര്‍മയെയും പിന്തുടരുന്നത് അവസാനിപ്പിച്ചത്. പിന്നാലെ പത്രസമ്മേളനത്തില്‍ രോഹിത്തുമായി പ്രശ്‌നങ്ങളില്ലെന്ന് കോഹ്‌ലി പറഞ്ഞു. എന്നാല്‍, ആ സമയത്തൊന്നും നിലപാടറിയിക്കാന്‍ മടി കാണിച്ചിരുന്ന രോഹിത്താണ് ഇപ്പോള്‍ സ്വന്തം ചിത്രത്തിനൊപ്പം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.


അതേസമയം, രോഹിത്തും കോലിയും തമ്മിൽ ഉണ്ടെന്നു പറയപ്പെടുന്ന പിണക്കം തീർക്കാൻ ബിസിസിഐ ശ്രമം നടത്തുന്നുണ്ട്. ബിസിസിഐ സിഇഒ രാഹുൽ ജോഹ്‌റി യുഎസിലെത്തി രോഹിത്തിനെയും കോലിയെയും കാണുമെന്നാണ് റിപ്പോർട്ട്. ലോകകപ്പ് സെമിയിലെ തോല്‍‌വിയും, കോഹ്‌ലിയും ശാസ്‌ത്രിയും കൂടിയാലോചനയില്ലാതെ സ്വന്തമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതുമാണ് രോഹിത്തിനെ ചൊടിപ്പിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :