ന്യൂഡല്‍ഹി|
Last Modified ചൊവ്വ, 12 ഫെബ്രുവരി 2019 (18:26 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട പ്രധാന ചര്‍ച്ചകളിലൊന്നാണ് മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍. ടെസ്‌റ്റിന് പിന്നാലെ ഏകദിന ക്യാപ്‌റ്റന്‍ സ്ഥാനവും വിരാട് കോഹ്‌ലിക്ക് കൈമാറിയതിനു പിന്നാലെയാണ് ഈ ചര്‍ച്ചകള്‍ രൂക്ഷമായത്. 2019 ലോകകപ്പിന് മുമ്പായി ധോണി കളി മതിയാക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
സമീപകാലത്തെ മികച്ച പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിച്ച ധോണി ലോകകപ്പിന് പിന്നാലെ വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ തള്ളി മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് രംഗത്തു വന്നു.
ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരം ധോണിയായിരിക്കുമെന്ന് വ്യക്തമാക്കിയ പ്രസാദ് വിരമിക്കുന്നതുമായി ബന്ധപ്പെട്ട യാതൊരുവിധ ചര്‍ച്ചയും മഹിയുമായി നടത്തിയിട്ടില്ലെന്നും പറഞ്ഞു. ലോകകപ്പ് അടുത്തിരിക്കെ
ഇങ്ങനെയുള്ള സംസാരങ്ങള്‍ താരങ്ങളുടെ ശ്രദ്ധ നശിപ്പിക്കും. അതിനാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിരമിക്കല്‍ പോലെയുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തുന്നത് ശരിയല്ല. ഈ ലോകകപ്പില്‍ വിരാട് കോഹ്‌ലിയോ രോഹിത് ശര്‍മ്മയോ അല്ല ഇന്ത്യയുടെ പ്രധാന ഘടകം. അത് ധോണിയാണെന്നും പ്രസാദ് തുറന്നടിച്ചു. ഇപ്പോള്‍ ലോകകപ്പെന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് എല്ലാവരുടേയും മുന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകകപ്പിന് ശേഷം ധോണി ടീമില്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും ലഭിക്കുന്നുണ്ട്. പിന്‍ഗാമിയായ ഋഷഭ് പന്ത് കൂടുതല്‍ പരിചയസമ്പന്നന്‍ ആകുന്നതുവരെ ധോണി ടീമില്‍ ഉണ്ടാകുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ പരിശീലകന്‍ രവിശാസ്‌ത്രിയും കോഹ്‌ലിയും സമാന അഭിപ്രായക്കാരാണ്.