ഹാമില്‍ട്ടണ്‍|
Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (16:48 IST)
തോല്‍വിയിലും തലയുയര്‍ത്തിയാണ്
ഇന്ത്യ ന്യൂസിലന്‍ഡില്‍ നിന്ന് വിമാനം കയറുക. ഏകദിന പരമ്പര സ്വന്തമാക്കിയതും ഭാവിയുടെ വാഗ്ദാനങ്ങളായ ഒരു പറ്റം യുവതാരങ്ങളെ കണ്ടെത്താനും ഏകദിന -
ട്വന്റി-20 പരമ്പരകള്‍ കാരണമായി.
ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ട്വന്റി-20യും ഇന്ത്യ സ്വന്തമാക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, ഫൈനല്‍ പോരാട്ടമെന്ന് വിശേഷിപ്പിച്ച ഹാമിൽട്ടനിലെ സെഡൻ പാർക്കില്‍ നടന്ന മൂന്നാം അങ്കത്തില്‍ നാല് റണ്‍സ് അകലെ ഇന്ത്യ പൊരുതി വീണു.
ജയത്തിന്റെ വക്കോളമെത്തിയ ഈ തോല്‍വിക്ക് നിരവധി കാരണങ്ങളുണ്ട്. മുതിര്‍ന്ന താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ എന്നിവര്‍ ബാറ്റിംഗ് പരാജയപ്പെട്ടത് തോല്‍വിക്ക് പ്രധാന കാരണമായി. ഇവരില്‍ ആരെങ്കിലും ഒരാള്‍ തിളങ്ങിയിരുന്നുവെങ്കില്‍ ഫലം മറിച്ചായേനെ.
എന്നാല്‍, തോല്‍വിയിലേക്ക് ഇന്ത്യയെ തള്ളിയിട്ടത് ബോളിംഗിലെ പാളിച്ചകളും മോശം ഫീല്‍ഡിംഗ് നിലവാരവുമാണ്. ഇതോടെ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന കൂറ്റൻ സ്‌കോറിലെത്താന്‍ ന്യുസിലന്‍ഡിനായി.
അരഡസനോളം അവസരമാണ് ഹാമില്‍ട്ടണിലെ ചെറിയ ഗ്രൌണ്ടില്‍ ഇന്ത്യൻ ഫീൽഡർമാർ പാഴാക്കിയത്. ഇവയില്‍ പലതും ബൌണ്ടറി കടന്നു. ടിം സീഫർട്ട് മടങ്ങിയതിനു പിന്നാലെ
ബോളര്‍മാരെ കടന്നാക്രമിച്ച കോളിൻ മൺറോ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ നൽകിയ ക്യാച്ച് ഖലീൽ അഹമ്മദ് കൈവിട്ടത് ഞെട്ടലോടെയാണ് ഇന്ത്യന്‍ ആരാധകര്‍ കണ്ടത്. ഈ ഓവറില്‍ രണ്ടു ബൗണ്ടറിയും ഒരു സിക്സും മണ്‍റോ അടിച്ചു കൂട്ടി.
ബോളിംഗില്‍ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. രണ്ടാം ട്വന്റി-20യിലെ ഹീറോയായ ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 54 റൺസാണ് വഴങ്ങിയത്. ഖലീൽ അഹമ്മദ് നിശ്ചിത ഓവറില്‍ 47 റൺസും വിട്ടു കൊടുത്തപ്പോള്‍ 44 റണ്‍സാണ് ഹാര്‍ദ്ദിക് പാണ്ഡ്യയയുടെ ഓവറുകളില്‍ കിവിസ് ബാറ്റ്‌സ്‌മാന്മാര്‍ നേടിയത്. ടീമിലെ ഒന്നാം നമ്പര്‍ ബോളറായ ഭുവനേശ്വർ കുമാർ നാല് ഓവറിൽ 37 റൺസ് വഴങ്ങിയപ്പോള്‍ 26 മാത്രം നല്‍കിയ കുൽദീപ് യാദവ് മികച്ചു നിന്നു.
കിവിസ് ബാറ്റ്സ്‌മാനാര്‍ ബോളര്‍മാരെ കടന്നാക്രമിച്ചിട്ടും ഓള്‍ റൌണ്ടറായ വിജയ് ശങ്കറിന് പന്തെറിയാന്‍ രോഹിത് അവസരം നല്‍കിയില്ല. ഇവിടെ ഒരു പരീക്ഷണം നടത്തിയിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു.
ടിം സൌത്തി എറിഞ്ഞ ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവാസന ഓവറിലെ മൂന്നാം പന്തില്‍ സിംഗിള്‍ നേടാമായിരുന്നിട്ടും ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് സ്‌ട്രൈക്ക് കൈമാറാന്‍ മടിച്ച ദിനേഷ് കാര്‍ത്തിക്കിന്റെ ആത്മവിശ്വാസക്കുറവുംടീമിന് തിരിച്ചടിയായി. കഴിഞ്ഞ ഓവറുകളില്‍ സൌത്തിയെ കടന്നാക്രമിച്ച ബാറ്റ്‌സ്‌മാനായിരുന്നു ക്രുനാല്‍.
ഇത്തരം നിരാശ ജനകമായ നിമിഷങ്ങള്‍ യുവതാരങ്ങളുടെ ബാറ്റിംഗില്‍ വെടിക്കെട്ടിലൂടെയാണ് ഇന്ത്യ മറികടന്നത്. എന്നാല്‍, വിജയറണ്‍ എത്തിപ്പിടിക്കാന്‍ മാത്രം രോഹിത്തിന്റെ പടയ്‌ക്കായില്ല.