ഇതിനെ അശ്രദ്ധ എന്നല്ലാതെ എന്താണ് പറയുക; ഹര്‍മന്‍പ്രീത് കൗറിനെതിരെ ആരാധകര്‍ (വീഡിയോ)

ഇന്ത്യ വിജയത്തോട് അടുത്ത് നില്‍ക്കുമ്പോഴാണ് ഹര്‍മന്‍ പുറത്താകുന്നത്

രേണുക വേണു| Last Modified വെള്ളി, 24 ഫെബ്രുവരി 2023 (09:48 IST)

ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ഹര്‍മന്‍പ്രീത് കൗറിന്റെ റണ്‍ഔട്ട്. വനിത ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയോട് അഞ്ച് റണ്‍സിന് ഇന്ത്യ തോല്‍വി വഴങ്ങാന്‍ പ്രധാന കാരണം ഹര്‍മന്റെ പുറത്താകലാണ്. ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്ത്യ വിജയത്തോട് അടുത്ത് നില്‍ക്കുമ്പോഴാണ് ഹര്‍മന്‍ പുറത്താകുന്നത്. അതും അപ്രതീക്ഷിതമായ റണ്‍ഔട്ടിലൂടെ. ഹര്‍മന്‍ പുറത്താകുമ്പോള്‍ 33 പന്തില്‍ 41 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. എന്നാല്‍ പിന്നീട് മത്സരം ഇന്ത്യക്ക് കൈവിട്ടു. 15-ാം ഓവറിലെ നാലാം പന്തില്‍ ഡബിളിന് ശ്രമിക്കുമ്പോഴാണ് ഹര്‍മന്‍ റണ്‍ഔട്ടായത്. ഡബിള്‍ ഓടി പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഇഷ്ടം പോലെ സമയം ഉണ്ടായിരുന്നു. എന്നാല്‍ ഹര്‍മന്റെ അശ്രദ്ധയാണ് വിക്കറ്റ് നഷ്ടമാകാന്‍ കാരണമെന്നാണ് ആരാധകരുടെ വിമര്‍ശനം.

രണ്ടാമത്തെ റണ്‍ ഓടിയെടുക്കുന്നതിനിടെ അവസാനം ഹര്‍മന്റെ വേഗത കുറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. ക്രീസിന് തൊട്ടടുത്ത് എത്തിയിട്ടും ഒന്ന് ഡൈവ് ചെയ്യാന്‍ പോലും താരം ശ്രമിക്കുന്നില്ല. അങ്ഹനെ ചെയ്തിരുന്നെങ്കില്‍ ആ വിക്കറ്റ് നഷ്ടമാകില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം. വളരെ പ്രധാനപ്പെട്ട ഒരു സാഹചര്യത്തില്‍ ഇത്രയും അലക്ഷ്യമായി വിക്കറ്റിന് ഇടയില്‍ ഓടിയത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
താന്‍ ഔട്ടായ രീതിയെ ഭാഗ്യക്കേട് എന്നാണ് ഹര്‍മന്‍ മത്സരശേഷം വിശേഷിപ്പിച്ചത്. ' ഇതിനേക്കാള്‍ ഭാഗ്യക്കേട് ഉണ്ടാകാന്‍ സാധിക്കില്ല. ഞങ്ങള്‍ ഇത് പ്രതീക്ഷിച്ചതല്ല. ഞാന്‍ റണ്‍ഔട്ടായ രീതി, അതിനേക്കാള്‍ വലിയ നിര്‍ഭാഗ്യമില്ല !,' ഹര്‍മന്‍ പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :