പടിക്കല്‍ കലമുടച്ച് ഇന്ത്യ; ഓസ്‌ട്രേലിയയോട് തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്ത് !

ഹര്‍മന്‍പ്രീത് കൗര്‍ 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സ് നേടി

രേണുക വേണു| Last Modified വെള്ളി, 24 ഫെബ്രുവരി 2023 (08:36 IST)

വനിത ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്ത്. സെമി ഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയോട് അഞ്ച് റണ്‍സിന് തോറ്റാണ് ഇന്ത്യ പുറത്തായത്. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ ജയത്തിലേക്ക് അടുക്കുമെന്ന് തോന്നിയതാണ്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ റണ്‍ഔട്ടാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിമാറ്റിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഹര്‍മന്‍പ്രീത് കൗര്‍ 34 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സ് നേടി. ജെമി റോഡ്രിഗസ് 24 പന്തില്‍ ആറ് ഫോറുകളോടെ 43 റണ്‍സെടുത്തു. ഇരുവരും ഒന്നിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളിലെ വിക്കറ്റ് വീഴ്ച ഇന്ത്യക്ക് തിരിച്ചടിയായി.

ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിലെ വിജയികളാണ് ഫൈനലില്‍ ഓസ്‌ട്രേലിയയുടെ എതിരാളികള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :