അഭിറാം മനോഹർ|
Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (13:45 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ താരം
ദീപ്തി ശർമ നടത്തിയ മങ്കാദിങ്ങിനെ തുടർന്ന് രണ്ട് തട്ടിലാണ് ക്രിക്കറ്റ് ലോകം. നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ളതെ ദീപ്തി ചെയ്തുള്ളുവെന്ന് ഒരു കൂട്ടം വാദിക്കുമ്പോൾ ക്രിക്കറ്റിൻ്റെ സ്പിരിറ്റിന് നിരക്കുന്നതല്ല ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് വേറൊരു വിഭാഗം കുറ്റപ്പെടുത്തുന്നു.
ഇപ്പോഴിതാ മങ്കാദിങ് നടത്തിയ ഇന്ത്യൻ ടീമിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റനായ ഹർമൻ പ്രീത് കൗർ. ഇതെല്ലാം കളിയുടെ ഭാഗമാണ്, ഞങ്ങൾ പുതുതായി എന്തെങ്കിലും ചെയ്തതായി ഞാൻ കരുതുന്നില്ല, ഐസിസി നിയമങ്ങളുടെ ഭാഗമാണിത്. ഇത് നിങ്ങളുടെ കളിയിലെ ബോധത്തെയാണ് കാണിക്കുന്നത്. ഞാൻ എൻ്റെ കളിക്കാരെ പിന്തുണയ്ക്കും ഹർമൻ പ്രീത് വ്യക്തമാക്കി.
മത്സരം അവസാനിച്ചതിന് തൊട്ടുശേഷം അവതാരകയും ദീപ്തി ശർമയുടെ മങ്കാദിങ്ങിനെ പറ്റി ഹർമനോട് ചോദിച്ചിരുന്നു. നിങ്ങൾ ഒരു വിക്കറ്റിനെ പറ്റി മാത്രം സംസാരിക്കുന്നു. മറ്റ് 9 വിക്കറ്റുകൾ ഞങ്ങൾ വീഴ്ത്തുന്നത് എളുപ്പമുള്ളതായിരുന്നില്ല. ഞങ്ങൾ കളിയുടെ നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ളത് മാത്രമാണ് ചെയ്തിട്ടുള്ളത്. അതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഇത് നിയമത്തിൽ പറഞ്ഞതാണ് ആവശ്യമെങ്കിൽ ഇനിയും ചെയ്യും എന്നായിരുന്നു ഇതിന് ഹർമൻ നൽകിയ മറുപടി.