അഭിറാം മനോഹർ|
Last Modified ഞായര്‍, 25 സെപ്‌റ്റംബര്‍ 2022 (10:17 IST)
ക്രിക്കറ്റ് ലോകത്തിൽ വീണ്ടും ചർച്ചകൾക്ക് തുടക്കമിട്ട് മങ്കാദിങ് വിവാദം. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വനിതാ ഏകദിനമത്സരത്തിലാണ് ക്രിക്കറ്റ് ലോകം മങ്കാദിങ്ങിൻ്റെ പേരിൽ വീണ്ടും രണ്ട് തട്ടിലായിരിക്കുന്നത്. മത്സരത്തിൽ ഇന്ത്യയുയർത്തിയ 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിൽ 65 റൺസിന് 7 വിക്കറ്റ് നഷ്ടമായെങ്കിലും ഒൻപതാം നമ്പറിലെത്തിയ യുവതാരം ഡീൻ ക്യാപ്റ്റൻ ആമി ഡീനൊപ്പം മത്സരത്തിൽ തിരികെ എത്തിച്ചു.
103 റൺസിൽ നിൽക്കെ ആമിജോൺസിനെയും 118ൽ കേറ്റ് ക്രോസിനെയും പുറത്താക്കിയെങ്കിലും ഡീൻ പോരാട്ടം തുടർന്നു. കളിയുടെ 43ആം ഓവറിൽ ദീപ്തി ശർമ്മ ബൗൾ ചെയ്യാനെത്തുമ്പോൾ 16 റൺസ് മാത്രാമായിരുന്നു ഇംഗ്ലണ്ടിന് വേണ്ടിയിരുന്നത്. എന്നാൽ ഫ്രേയ ഡേവിസിനെതിരെ ബൗൾ ചെയ്യാനെത്തിയ ദീപ്തി ക്രീസിന് വെളിയിലായിരുന്ന ഡീനിനെ ഔട്ടാക്കിയതോടെ മത്സരം ഇന്ത്യ വിജയിക്കുകയായിരുന്നു.
ഇന്ത്യ ചെയ്തത് ക്രിക്കറ്റിനോടുള്ള ചതിയാണെന്ന് ഒരു കൂട്ടം ആരോപിക്കുമ്പോൾ ക്രിക്കറ്റ് നിയമത്തിനുള്ളിൽ നിന്നുകൊണ്ടുള്ളത് മാത്രമാണ് ഇന്ത്യ ചെയ്തതെന്ന് ഒരു കൂട്ടം പറയുന്നു. ബൗണ്ടറികളുടെ എണ്ണം വെച്ച് കളിയുടെ സ്പിരിറ്റിന് നിരക്കാത്ത രീതിയിൽ ലോകകപ്പ് ഉയർത്തിയ ടീമാണ് മങ്കാദിങ്ങിൻ്റെ പേരിൽ വിമർശിക്കുന്നതെന്നും ഇന്ത്യയെ അനുകൂലിക്കുന്നവർ പറയുന്നു.