Hardik Pandya: തിലകിന്റെ അര്‍ധ സെഞ്ചുറി നഷ്ടപ്പെടുത്തി, സഞ്ജുവിന് അവസരം നിഷേധിച്ചു; ഹാര്‍ദിക് പാണ്ഡ്യ സെല്‍ഫിഷ് എന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified ബുധന്‍, 9 ഓഗസ്റ്റ് 2023 (11:10 IST)

Hardik Pandya: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ ജയിച്ചെങ്കിലും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ. യുവതാരം തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി അടിക്കാനുള്ള സാധ്യത ഇല്ലാതാക്കുകയും സഞ്ജു സാംസണ് ബാറ്റ് ചെയ്യാനുള്ള അവസരം നിഷേധിക്കുകയും ചെയ്‌തെന്നാണ് ആരാധകരുടെ വിമര്‍ശനം. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഹതാരങ്ങളെ പ്രചോദിപ്പിക്കാന്‍ നോക്കേണ്ട ഹാര്‍ദിക് മറ്റുള്ളവരുടെ അവസരം ഇല്ലാതാക്കുകയാണെന്നും ഈ മനോഭാവം ഒരു ക്യാപ്റ്റന് ചേരുന്നതല്ലെന്നും ആരാധകര്‍ വിമര്‍ശിച്ചു.

ഇന്ത്യ ഏറെക്കുറെ ജയം ഉറപ്പിച്ച സമയത്താണ് ഹാര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്യാനെത്തുന്നത്. സൂര്യകുമാര്‍ പുറത്തായി ഹാര്‍ദിക് ക്രീസിലെത്തുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 44 പന്തില്‍ വെറും 39 റണ്‍സാണ്. അഞ്ചാമനായാണ് ഹാര്‍ദിക് ക്രീസിലെത്തിയത്. യഥാര്‍ഥത്തില്‍ സഞ്ജു സാംസണ്‍ ആയിരുന്നു അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടിയിരുന്നത്. ആദ്യ രണ്ട് കളികളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന സഞ്ജുവിന് ഫോം വീണ്ടെടുക്കാന്‍ അവസരം നല്‍കുകയായിരുന്നു ആ സമയത്ത് ഹാര്‍ദിക് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആ സമയത്ത് സഞ്ജുവിന് അവസരം നല്‍കാതെ സ്വയം ബാറ്റ് ചെയ്യാന്‍ ഇറങ്ങി.

കളി അവസാനിക്കുമ്പോള്‍ തിലക് വര്‍മ 37 പന്തില്‍ നിന്ന് 49 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഒരു റണ്‍സ് കൂടി നേടിയാല്‍ അര്‍ധ സെഞ്ചുറി സ്വന്തമാക്കാമായിരുന്നു. എന്നാല്‍ ഹാര്‍ദിക് സിക്‌സര്‍ പറത്തി അതിവേഗം കളി അവസാനിപ്പിക്കുകയായിരുന്നു. 14 ബോളില്‍ രണ്ട് റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോള്‍ ഹാര്‍ദിക്കാണ് ക്രീസില്‍ ഉണ്ടായിരുന്നത്. അപ്പോള്‍ ഒരു സിംഗിള്‍ നേടി തിലക് വര്‍മയ്ക്ക് സ്‌ട്രൈക്ക് നല്‍കിയിരുന്നെങ്കില്‍ തൊട്ടടുത്ത പന്തില്‍ സിംഗിള്‍ നേടിയാല്‍ പോലും തിലക് വര്‍മയ്ക്ക് അര്‍ധ സെഞ്ചുറി നേടാമായിരുന്നു. മാത്രമല്ല ഒരു യുവതാരത്തിന് കളി ഫിനിഷ് ചെയ്യാനുള്ള അവസരം നല്‍കുന്നത് ആ താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സിക്‌സര്‍ പറത്തി ഹാര്‍ദിക്ക് ഇന്ത്യയെ ജയിപ്പിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :