രേണുക വേണു|
Last Modified ചൊവ്വ, 16 മെയ് 2023 (08:21 IST)
Gujarat Titans: ഐപിഎല്‍ 2023 സീസണില്‍ പ്ലേ ഓഫില്‍ കയറുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ 34 റണ്‍സിന് തോല്‍പ്പിച്ചാണ് ഗുജറാത്ത് പ്ലേ ഓഫ് ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ സണ്‍റൈസേഴ്‌സിന് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
നിലവില്‍ 13 കളികളില്‍ നിന്ന് ഒന്‍പത് ജയത്തോടെ 18 പോയിന്റാണ് ഗുജറാത്തിനുള്ളത്. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ഇപ്പോള്‍. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് തന്നെയായിരിക്കും ഒന്നാം സ്ഥാനത്ത് തുടരുക. ശേഷിക്കുന്ന ഒരു മത്സരം തോറ്റാലും ഗുജറാത്തിന് പ്ലേ ഓഫ് ഉറപ്പാണ്. പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് എത്തുന്ന ടീമുമായി മേയ് 23 ന് ഗുജറാത്ത് ഫസ്റ്റ് ക്വാളിഫയര്‍ കളിക്കും. ഇതില്‍ ജയിച്ചാല്‍ നേരിട്ട് ഫൈനലിലേക്ക്. തുടര്‍ച്ചയായി രണ്ട് ഫൈനലുകള്‍ കളിക്കുന്ന ടീം എന്ന നേട്ടവും ഇതോടെ സ്വന്തമാക്കാം. കഴിഞ്ഞ സീസണില്‍ ഗുജറാത്തായിരുന്നു ചാംപ്യന്‍മാര്‍.