അഭിറാം മനോഹർ|
Last Modified വെള്ളി, 15 ഡിസംബര്‍ 2023 (18:14 IST)
ഐപിഎല്‍ 2024 സീസണില്‍ പുതിയ നായകനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ടീമില്‍ തിരിച്ചെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെയാണ് പുതിയ സീസണീന്റെ നായകനായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയുടെ നീണ്ടക്കാലത്തെ ക്യാപ്റ്റന്‍സിക്ക് ശേഷമാണ് മുംബൈയ്ക്ക് പുതിയ നായകനുണ്ടാകുന്നത്. രോഹിത് അടുത്തസീസണിലും ടീമില്‍ ഭാഗമാണെന്നിരിക്കെയാണ് മാറ്റത്തിന് മുംബൈ തയ്യാറായിരിക്കുന്നത്.
ടീമിന്റെ പാരമ്പര്യം തുടര്‍ന്ന് കൊണ്ടുപോവുക എന്നത് അനിവാര്യമായ സാഹചര്യത്തിലാണ് ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തി ടീം മുന്നോട്ട് പോകുന്നതെന്ന് മുംബൈ ഇന്ത്യന്‍സിന്റെ ഗ്ലോബല്‍ ഹെഡായ മഹേല ജയവര്‍ധനെ വ്യക്തമാക്കി. എല്ലാക്കാലത്തും മികച്ച നായകന്മാര്‍ മുംബൈയ്ക്ക് ഉണ്ടായിട്ടുണ്ട്. സച്ചിന്‍ മുതല്‍ ഹര്‍ഭജന്‍ വരെ, റിക്കി പോണ്ടിംഗ് മുതല്‍ രോഹിത് വരെ. ആ പാരമ്പര്യം മുംബൈ ഹാര്‍ദ്ദിക്കിലൂടെ തുടരും.2013 മുതല്‍ മുംബൈ നായകനെന്ന നിലയില്‍ രോഹിത് നേടിത്തന്ന നേട്ടങ്ങള്‍ക്കും നായകത്വത്തിനും താരത്തിന് നന്ദി പറയുന്നതായും ഫ്രാഞ്ചൈസിയുടെ എക്കാലത്തെയും മികച്ച നായകനെന്ന നിലയില്‍ രോഹിത് സ്തുത്യര്‍ഹമായ സേവനമാണ് രോഹിത് ടീമിനായി കാഴ്ചവെച്ചതെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റില്‍ മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി.