അഭിറാം മനോഹർ|
Last Modified വെള്ളി, 5 ജൂലൈ 2024 (09:58 IST)
ഐപിഎല്ലില്‍ തന്നെ കൂവിത്തോല്‍പ്പിച്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ കാണികള്‍ക്ക് മുന്നില്‍ രാജകീയമായി തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. ഇന്ത്യയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പാണ്ഡെയെ ആര്‍പ്പുവിളികളോടെയാണ് വാംഖഡെ സ്റ്റേഡിയം ഇത്തവണ സ്വീകരിച്ചത്. വാംഖഡെയില്‍ എങ്ങ് നിന്നും ഹാര്‍ദ്ദിക്.. ഹാര്‍ദ്ദിക് വിളികളാണ് ഇത്തവണ മുഴങ്ങികേട്ടത്.
രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക്കിനെ മുംബൈ ഇന്ത്യന്‍സ് നായകനാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ഐപിഎല്ലില്‍ ഹാര്‍ദ്ദിക്കിനെതിരെ ആരാധകര്‍ തിരിഞ്ഞത്. മുംബൈ ഇന്ത്യന്‍സിന്റെ ഹോം മത്സരങ്ങളില്‍ ടോസിനായി ഇറങ്ങുമ്പോഴും ഫീല്‍ഡ് ചെയ്യുമ്പോഴുമെല്ലാം ഹാര്‍ദ്ദിക് അപമാനിക്കപ്പെട്ടു. ആരാധകരുടെ കൂവല്‍ കാരണം അവതാരകര്‍ പോലും കാണികളോട് കൂവല്‍ നിര്‍ത്താനായി ആവശ്യപ്പെട്ടിരുന്നു. ഈ അപമാനങ്ങള്‍ക്കെല്ലാം ചിരിച്ചുകൊണ്ടായിരുന്നു ഹാര്‍ദ്ദിക് പ്രതികരിച്ചത്.
വാംഖഡെയിലെ വെറുക്കപ്പെട്ടവന്‍ എന്ന അവസ്ഥയില്‍ നിന്നും കരീബിയന്‍ ദ്വീപുകളിലേക്ക് ലോകകപ്പ് എന്ന സ്വപ്നവുമായി ഇന്ത്യന്‍ സംഘം യാത്രയായതില്‍ പിന്നെ വെറുക്കപ്പെട്ടവന്‍ വാഴ്ത്തപ്പെട്ടവനായി മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഗ്രൂപ്പ് മത്സരങ്ങളില്‍ ഉള്‍പ്പടെ ബാറ്റുകൊണ്ടും ബോളുകൊണ്ടും മികച്ച പ്രകടനം നടത്തിയ ഹാര്‍ദ്ദിക്കായിരുന്നു ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്കായി അവസാന ഓവര്‍ എറിഞ്ഞത്. 16 റണ്‍സ് അവസാന ഓവറില്‍ എടുത്താല്‍ വിജയിക്കാമെന്ന നിലയില്‍ നിന്ന ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് ആദ്യ പന്തില്‍ തന്നെ വീഴ്ത്തിയ ഹാര്‍ദ്ദിക് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇതോടെയാണ് ഒരിക്കല്‍ കൂവിത്തോല്‍പ്പിച്ച ജനതയുടെ ഹീറോയായി ഹാര്‍ദ്ദിക് രാജകീയമായി തന്നെ തിരിച്ചുവരവ് നടത്തിയത്.