അഭിറാം മനോഹർ|
Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (17:09 IST)
ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് ഇന്ത്യ. സ്വന്തം നാട്ടില്‍ നടക്കുന്ന മത്സരങ്ങളും ഒപ്പം വിരാട് കോലിയും രോഹിത് ശര്‍മയും അടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് കരുത്ത് നല്‍കുന്നുണ്ട്. എന്നാല്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമിന്റെ ദൗര്‍ബല്യങ്ങള്‍ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ലോകകപ്പ് ടീമില്‍ ഏതെല്ലാം താരങ്ങള്‍ ഉണ്ടാവുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല എന്നതും നിലവില്‍ ലോകകപ്പ് പ്ലാനിന്റെ ഭാഗമായ പല താരങ്ങളും മങ്ങിയ പ്രകടനങ്ങളാണ് കാഴ്ചവെയ്ക്കുന്നതെന്നതും ഇന്ത്യയ്ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭാവിയിലെ ഇന്ത്യന്‍ നായകനായി വാഴ്ത്തപ്പെടുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സമീപകാല പ്രകടനങ്ങളെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ഏകദിനപരമ്പരയിലെ 2 മത്സരങ്ങളില്‍ നിന്നും 12 റണ്‍സും ഒരു വിക്കറ്റുമാണ് ഹാര്‍ദ്ദിക് നേടിയത്.
ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സമീപകാല പ്രകടനങ്ങള്‍ ഇന്ത്യയ്ക്ക് തലവേദനയായി മാറിയിരിക്കുകയാണെന്നാണ്
ആകാശ് ചോപ്ര പറയുന്നത്.കഴിഞ്ഞ ഐപിഎല്‍ സീസണ്‍ ഹാര്‍ദ്ദിക്കിനെ സംബന്ധിച്ചിടത്തോളം ഗംഭീരമായിരുന്നില്ല. അദ്ദേഹത്തിന്റെ ബാറ്റിംഗ് പൊസിഷന്റെ കാര്യത്തില്‍ ഇപ്പോഴും ഒരു വ്യക്തതയുമില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഹാര്‍ദ്ദിക്കിനെക്കാള്‍ മുന്നിലാണ് ശാര്‍ദ്ദൂല്‍ താക്കൂര്‍. മോശം ഫോമില്‍ നില്‍ക്കുമ്പോഴും അടുത്ത അയര്‍ലന്‍ഡ് പര്യടനത്തില്‍ ഹാര്‍ദ്ദിക് കളിക്കുന്നില്ല. പിന്നീട് ഏഷ്യാകപ്പിലും ലോകകപ്പിലുമാകും താരം കളിക്കുക. ഇത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ല. ആകാശ് ചോപ്ര വ്യക്തമാക്കി.