ചെന്നൈ|
jibin|
Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (20:25 IST)
സ്‌പിന്നിന് അനുകൂലമായ പിച്ചൊരുക്കിയിരുന്നുവെങ്കില്‍ തനിക്കും അനില്‍ കുംബ്ലെയ്‌ക്കും കരിയറിന്റെ തുടക്കത്തില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാമായിരുന്നുവെന്ന ഹര്‍ഭജന്‍ സിംഗിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി ആര്‍ അശ്വിന്‍ രംഗത്ത്.
2001ലെ ഹര്‍ഭജന്റെ പ്രകടനം കണ്ടാണ് താന്‍ ഓഫ് സ്പിന്നെറിയാന്‍ തുടങ്ങിയത്. ഭാജി താനടക്കമുള്ളവര്‍ക്ക് പ്രചോദനമാണ്. പരസ്‌പരം ചെളിവാരിയെറിയുന്നതു കൊണ്ട് നമ്മള്‍ ഒന്നും നേടില്ല. ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നും നിലവിലെ തര്‍ക്കം അനാരോഗ്യകരമാണെന്നും അശ്വിന്‍ ട്വിറ്ററില്‍ കുറിച്ചു.
അശ്വിന്റെ ട്വീറ്റിന് ഹര്‍ഭജനും മറുപടി നല്‍കി. താങ്കള്‍ക്കെതിരെ ആയിരുന്നില്ല തന്റെ പരാമര്‍ശമെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുക ആയിരുന്നുവെന്നും ഭാജി വ്യക്തമാക്കി.
ന്യൂസിലന്‍ഡിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ അശ്വിന്‍ മികച്ച പ്രകടനം കാഴ്‌ചവച്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോഴാണ് ഹര്‍ഭജന്‍ പ്രസ്‌താവന നടത്തിയത്. ഇതിനെതിരേ ടെസ്‌റ്റ് നായകന്‍ വിരാട് കോഹ്‌ലിയും രംഗത്തെത്തിയിരുന്നു.