വെബ്ദുനിയ ലേഖകൻ|
Last Updated:
ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (14:03 IST)
ഐപിഎൽ ഈ സീസണിൽ ചെന്നൈ സൂപ്പര്‍ കിങ്സിൽനിന്നും പിൻമാറിയ ഹർഭജൻ സിങ് 13 ആം സീസണിൽ തന്നെ ഐപിഎല്ലിന്റെ
ഭാഗമാകും. പക്ഷേ ഒരു കളിക്കാരനായല്ല എന്നുമാത്രം. ഐപിഎൽ കമന്ററിയിൽ ഹർഭജൻ സ്റ്റാർസ്‌സ്പോർട്ട്സിനൊപ്പം ചേരും എന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് സ്റ്റാർ സ്പോർട്ട്സും താരവും തമ്മിൽ കരാറിലെത്തിയതായാണ് പുറത്തുവരുന്ന വിവരം.
സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററി സംഘത്തിലായിരിയ്ക്കും ഹര്‍ഭജൻ പ്രവര്‍ത്തിക്കുക. മുംബൈ കേന്ദ്രീകരിച്ചായിരിക്കും ഈ ടീമിന്റെ പ്രവര്‍ത്തനം. ഐപിഎൽ പ്രാദേശിക ഭാഷകളിലുള്ള സംപ്രേക്ഷണത്തിനായി 700 പേരടങ്ങുന്ന വമ്പൻ ടീമിനെയാണ് സ്റ്റാർ സ്പോർട്ട് സജ്ജീകരിച്ചിരിയ്ക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചായിരിയ്ക്കും ഇവരെല്ലാം പ്രവർത്തിയ്ക്കുക.
ചെന്നൈയുടെ വൈസ് ക്യാപ്റ്റനായ സുരേഷ് റെയ്നയുടെ പിൻമാറ്റം എൽപ്പിച്ച ആഘാതത്തിന് പിന്നാലെയാണ് തികച്ചും അപ്രതീക്ഷിതമായി ഈ സീസണില്‍ കളിക്കാനില്ലെന്ന് ഹര്‍ഭജന്‍ ഫ്രാഞ്ചൈസിയെ അറിയിച്ചത്. യുഎഇയിലെ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചുകളില്‍ താരത്തിന്റെ അഭാവം ചെന്നൈയ്ക്ക് തിരിച്ചടിയാകുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ, ഹർഭജനും, റെയ്നയ്ക്കും മികച്ച പകരക്കാരെ ടീമിലെത്തിയ്ക്കാനുള്ള ശ്രമത്തിലാണ് സിഎസ്‌കെ എന്നാണ് വിവരം.