മോശം അംപയറിങ്, അതുകൊണ്ടാണ് പാക്കിസ്ഥാന്‍ തോറ്റത്; രൂക്ഷ വിമര്‍ശനവുമായി ഹര്‍ഭജന്‍

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 46-ാം ഓവറില്‍ തബ്‌റൈസ് ഷംസിയുടെ വിക്കറ്റിന് വേണ്ടിയാണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം റിവ്യു എടുത്തത്

രേണുക വേണു| Last Modified ശനി, 28 ഒക്‌ടോബര്‍ 2023 (10:16 IST)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ പാക്കിസ്ഥാന്‍ തോറ്റതിനു കാരണം അംപയറിങ് പിഴവാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. മോശം അംപയറിങ്ങും മോശം നിയമങ്ങളുമാണ് പാക്കിസ്ഥാന് തിരിച്ചടിയായത്. ഐസിസി നിയമത്തില്‍ മാറ്റം വരുത്തണമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

' റിവ്യുവില്‍ ബോള്‍ സ്റ്റംപില്‍ കൊള്ളുന്നുണ്ടെന്ന് ബോള്‍ ട്രാക്കിങ്ങില്‍ വ്യക്തമായാല്‍ അംപയര്‍ ഔട്ട് വിളിച്ചാലും ഇല്ലെങ്കിലും അത് ഔട്ട് തന്നെയായിരിക്കണം. അല്ലാത്തപക്ഷം ഈ ടെക്‌നോളജി കൊണ്ട് എന്ത് ഉപകാരമാണ് ഉള്ളത്?' ഹര്‍ഭജന്‍ ചോദിച്ചു.
ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 46-ാം ഓവറില്‍ തബ്‌റൈസ് ഷംസിയുടെ വിക്കറ്റിന് വേണ്ടിയാണ് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം റിവ്യു എടുത്തത്. ഹാരിസ് റൗഫ് എറിഞ്ഞ പന്ത് ഷംസിയുടെ പാഡില്‍ കൊണ്ടു. ലെഗ് ബൈ വിക്കറ്റിനായി പാക്കിസ്ഥാന്‍ അപ്പീല്‍ ചെയ്തു. അംപയര്‍ ഔട്ട് അനുവദിക്കാതെ വന്നപ്പോള്‍ പാക് നായകന്‍ റിവ്യു ആവശ്യപ്പെടുകയായിരുന്നു. പന്ത് വിക്കറ്റില്‍ ഹിറ്റ് ചെയ്യുന്നതായി റിവ്യുവില്‍ നിന്ന് വ്യക്തമായി. എന്നാല്‍ ബോള്‍ ട്രാക്കിങ് ബാറ്റര്‍ക്ക് അനുകൂലമായിരുന്നു. ഇക്കാരണത്താല്‍ തേര്‍ഡ് അംപയറും ഔട്ട് അനുവദിച്ചില്ല. ബോള്‍ വിക്കറ്റ് ഹിറ്റിങ് ആണെങ്കില്‍ ഔട്ട് അനുവദിക്കുകയല്ലേ വേണ്ടത് എന്നാണ് ഹര്‍ഭജന്റെ ചോദ്യം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :