രേണുക വേണു|
Last Modified ചൊവ്വ, 3 ഡിസംബര്‍ 2024 (09:59 IST)
അടിയന്തര ആവശ്യത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ ഇന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. അഡ്‌ലെയ്ഡ് ടെസ്റ്റിനു മുന്‍പ് ഗംഭീര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് ഗംഭീര്‍ ഓസ്‌ട്രേലിയയിലേക്ക് വിമാനം കയറുക.
കുടുംബത്തിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്നാണ് നവംബര്‍ 26 ന് ഗംഭീര്‍ ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്. അഡ്ലെയ്ഡില്‍ ഡിസംബര്‍ ആറ് മുതലാണ് ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരം നടക്കുക. കുടുംബത്തിലെ ആര്‍ക്കോ ആരോഗ്യപ്രശ്നം ഉണ്ടായതിനെ തുടര്‍ന്നാണ് ഗംഭീര്‍ ഓസ്ട്രേലിയ വിട്ടതെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗംഭീറിന്റെ അസാന്നിധ്യത്തില്‍ പരിശീലക സംഘത്തിലെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത്. ഇന്ന് ഓസ്‌ട്രേലിയയില്‍ എത്തുന്ന ഗംഭീര്‍ നാളെ മുതല്‍ ഇന്ത്യന്‍ സംഘത്തെ പരിശീലിപ്പിക്കുമെന്നാണ് വിവരം.