Gautam Gambhir: ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഗൗതം ഗംഭീര്‍ റെഡി; ലോകകപ്പിനു ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കും

രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ജൂണില്‍ അവസാനിക്കുകയാണ്

രേണുക വേണു| Last Modified ശനി, 1 ജൂണ്‍ 2024 (07:48 IST)

Gautam Gambhir: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഗൗതം ഗംഭീര്‍ സമ്മതം അറിയിച്ചു. പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഗംഭീര്‍ ബിസിസിഐ നേതൃത്വത്തെ അറിയിച്ചതായി ഇന്ത്യ ടുഡെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ട്വന്റി 20 ലോകകപ്പിനു ശേഷമായിരിക്കും രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഗംഭീര്‍ ചാര്‍ജ്ജെടുക്കുക. മൂന്ന് വര്‍ഷത്തേക്കായിരിക്കും കരാര്‍. ട്വന്റി 20 ലോകകപ്പിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

രാഹുല്‍ ദ്രാവിഡിന്റെ കാലാവധി ജൂണില്‍ അവസാനിക്കുകയാണ്. ലോകകപ്പ് നടക്കുന്നതിനാല്‍ ജൂണ്‍ അവസാനം വരെ ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരും. മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി മേയ് 27 ആയിരുന്നു. ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ വേറെ ആരെയും പരിഗണിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതല്‍ ബിസിസിഐ. വിദേശ പരിശീലകരെ പരിഗണിക്കുന്നില്ലെന്നും ബിസിസിഐ വ്യക്തമാക്കി.

അതേസമയം നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മുഖ്യ ഉപദേഷ്ടാവാണ് ഗംഭീര്‍. ഇന്ത്യന്‍ പരിശീലക സ്ഥാനം ഏറ്റെടുക്കണമെങ്കില്‍ ഈ പദവി രാജിവയ്‌ക്കേണ്ടി വരും. ഗംഭീറിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസി ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ രാജ്യത്തിന്റെ താല്‍പര്യമാണ് വലുതെന്ന നിലപാടിലേക്ക് ഗംഭീര്‍ എത്തുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :