ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (18:38 IST)
എബിവിപിക്കെതിരെ ഓണ്‍ലൈനിലൂടെ പ്രതികരിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിനെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗൗതം ഗംഭീര്‍ ട്വിറ്ററില്‍.
അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ പരിഹസിക്കുന്നത് നിന്ദ്യമായ പ്രവൃത്തിയാണ്. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനുളള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.
രാജ്യസേവനം നടത്തുന്ന ഇന്ത്യന്‍ സൈന്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍, അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങള്‍ നിരാശ പകരുന്നതാണ്. സ്വതന്ത്ര രാജ്യത്ത് ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്രമുണ്ട്. സമാധാനം ലക്ഷ്യമിട്ട്, യുദ്ധ ഭീതിയെക്കുറിച്ച് അഭിപ്രായം പറയാന്‍ ഒരു മകള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് അവളെ ആക്രമിക്കുന്നത് രാജ്യസ്‌നേഹം പ്രകടിപ്പിക്കലല്ല. അഭിപ്രായത്തോട് ആര്‍ക്കും യോജിക്കാം, വിയോജിക്കാം, പക്ഷെ അതിന്റെ പേരില്‍ പരിഹസിക്കുന്നത് നിന്ദ്യമാണെന്നും ഗംഭീര്‍ ട്വീറ്റില്‍ വ്യക്തമാക്കി.
രാംജാസ് കോളേജിലെ എബിവിപി ഗുണ്ടായിസത്തിനെതിരെയാണ് ഗുര്‍മെഹര്‍ രംഗത്തെത്തിയത്. തന്റെ അച്ഛനെ കൊന്നത് പാകിസ്ഥാനല്ലെന്നും മറിച്ച് യുദ്ധമാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു.
തുടര്‍ന്നാണ് പെണ്‍കുട്ടിയെ പരിഹസിച്ച് വീരേന്ദ്രര്‍ സെവഗ് രംഗത്തെത്തിയത്. രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയത് താനല്ല തന്റെ ബാറ്റാണെന്ന് പ്ലക്കാര്‍ഡും പിടിച്ചുകൊണ്ടുളള ഫോട്ടോ ആയിരുന്നു സേവാഗിന്റെ ട്വീറ്റ്.