അഭിറാം മനോഹർ|
Last Modified തിങ്കള്‍, 10 ഏപ്രില്‍ 2023 (19:25 IST)
ഐപിഎൽ സീസണിൽ ആകെ നിറം മങ്ങിയ പ്രകടനമാണ് 2023ൽ ഡൽഹി ക്യാപ്പിറ്റൽസ് നടത്തുന്നത്. ബാറ്റിംഗിലും ബൗളിംഗിലും മറ്റ് ടീമുകൾക്ക് ഭീഷണിയുയർത്താൻ പോലുമാകാതെ പഴയ കാല പ്രകടനങ്ങളുടെ നിഴലായി മാത്രം മാറിയിരിക്കുകയാണ് ഡൽഹി. ഓപ്പണിങ്ങിൽ വാർണർ റൺസ് കണ്ടെത്തുന്നുണ്ടെങ്കിലും വേഗത കുറഞ്ഞ താരത്തിൻ്റെ ബാറ്റിംഗിനെതിരെ വിമർശനം ശക്തമാണ്. മറ്റൊരു ഓപ്പണിംഗ് താരമായ പൃഥ്വി ഷായ്ക്ക് സീസണിൽ ഇതുവരെ തിളങ്ങാനായിട്ടില്ല.
ഇതോടെ പൃഥ്വിഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് താരമായ വിരേന്ദർ സെവാഗ്. പൃഥ്വി ഷാ പിഴവുകൾ ആവർത്തിക്കുകയാണ്. എന്നാൽ ഇത് തിരുത്താനായി യാതൊന്നും തന്നെ ചെയ്യുന്നില്ല. സാഹചര്യം മനസിലാക്കിയാണ് ബാറ്റർ ബാറ്റ് ചെയ്യേണ്ടത്. ഇത് ശുഭ്മാൻ ഗില്ലിൽ നിന്നും റുതുരാജിൽ നിന്നും പൃഥ്വി ഷാ മനസിലാക്കണം. ഈ ഐപിഎൽ പൃഥ്വി ഷായെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തിയാൽ ഇന്ത്യൻ ടീമിൽ സ്ഥിരമാകാൻ പൃഥ്വിയ്ക്ക് സാധിക്കും. സെവാഗ് പറഞ്ഞു.
നേരത്തെ ഡൽഹി ഓപ്പണർ ഡേവിഡ് വാർണക്കെതിരെയും സെവാഗ് തുറന്നടിച്ചിരുന്നു. ഐപിഎല്ലിൽ ഏകദിനം കളിക്കാനാണെങ്കിൽ വാർണർ ഐപിഎല്ലിലേക്ക് വരരുതെന്നും യശസ്വി ജയ്സ്വാളിനെ പോലുള്ള താരങ്ങളിൽ നിന്നും വാർണർ പഠിക്കണമെന്നും സെവാഗ് അഭിപ്രായപ്പെട്ടിരുന്നു.