അന്ന് രഹാനെ ടീമിൽ നിന്നും പുറത്തായത് ധോനി കാരണം, ഗുരുതര ആരോപണവുമായി സെവാഗ്

അഭിറാം മനോഹർ|
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ എൽ ക്ലാസിക്കോ പോരാട്ടത്തിൽ അനായാസവിജയമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്. മത്സരത്തിൽ ഇമ്പാക്ട് പ്ലെയറായി എത്തി തകർത്തടിച്ച വെറ്ററൻ താരം അജിങ്ക്യ രഹാനെയുടെ വെടിക്കെട്ടായിരുന്നു ചെന്നൈയ്ക്ക് വമ്പൻ വിജയം സമ്മാനിച്ചത്.വൺഡൗണായി എത്തിയ താരം 27 പന്തിൽ 61 റൺസാണ് അടിച്ചെടുത്തത്.

അതേസമയം ഈ മത്സരത്തിന് പിന്നാലെ രഹാനെയെ ഇന്ത്യൻ ഏകദിന ടീമിൽ നിന്നും ധോനി പുറത്താക്കിയ സംഭവം ഓർമപ്പെടുത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണിംഗ് താരമായ വിരേന്ദർ സെവാഗ്. ഏകദിനത്തിൽ രഹാനയ്ക്ക് സ്കോറിംഗ് വേഗതയില്ലെന്ന് പറഞ്ഞായിരുന്നു ധോനി ഒഴിവാക്കിയത്. ഐപിഎല്ലിൽ രഹാനെയെ ടീമിലെടുത്ത ധോനി എന്തുകൊണ്ടാണ് ഇന്ത്യൻ ടീമിലായിരുന്നപ്പോൾ രഹാനെയ്ക്ക് അവസരം നൽകാതിരുന്നതെന്ന് സെവാഗ് ക്രിക് ബസിൽ നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു.

ധോനി ക്യാപ്റ്റനായപ്പോൾ രഹാനെയ്ക്ക് വേഗം പോരെന്നും സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവില്ലെന്നും പറഞ്ഞ് ടീമിൽ നിന്നും ഒഴിവാക്കി. എന്നാൽ ഇന്ന് പരിചയസമ്പന്നനായ താരത്തെ ആവശ്യം വന്നപ്പോൾ ധോനി രഹാനയെ ആശ്രയിക്കുന്നു. 2016ലായിരുന്നു രഹാനയ്ക്ക് ഇന്ത്യൻ ഏകദിന ടീമിലെ സ്ഥാനം നഷ്ടമാകുന്നത്. ധോനിയായിരുന്നു അന്ന് ഇന്ത്യൻ നായകൻ. ടി20,ഏകദിന ടീമിൽ സ്ഥാനമില്ലാതായതോടെ ടെസ്റ്റിൽ മാത്രമായിരുന്നു രഹാനെ ഇന്ത്യയ്ക്കായി കളിച്ചിരുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :