രഞ്ജിയിൽ റണ്ണടിക്കുന്നത് പോലല്ല ഐപിഎല്ലിൽ, സർഫറാസിൻ്റെ മെല്ലെപ്പോക്കിൽ രൂക്ഷവിമർശനം

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ഏപ്രില്‍ 2023 (13:44 IST)
ഡൽഹി ക്യാപ്പിറ്റൽസ് ആരാധകരെ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇത്തവണത്തെ സീസണിൽ ഡൽഹി ക്യാപ്പിറ്റൽസ് പുറത്തെടുക്കുന്നത്. സ്വന്തം തട്ടകത്തിൽ കളി നടക്കുന്നുവെന്ന ആനുകൂല്യം പോലും മുതലെടുക്കാനാവാതെ റൺ റേറ്റ് ഉയർത്താൻ കഷ്ടപ്പെട്ട് ഡൽഹി ബാറ്റർമാർ അടിയറവ് പറയുന്ന കാഴ്ച ഈ ഐപിഎല്ലിലെ തന്നെ ദയനീയമായ കാഴ്ചകളിൽ ഒന്നാണ്.

ഐപിഎല്ലിൽ വമ്പൻ റെക്കോർഡുള്ള ഡേവിഡ് വാർണർ ഏകദിനശൈലിയിലാണ് ഡൽഹിക്കായി ബാറ്റ് വീശുന്നത്. മറ്റൊരു ഓപ്പണർ പൃഥ്വി ഷായ്ക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ 2 കളികളിലുമായില്ല. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനങ്ങളുമായി കഴിഞ്ഞ 3 വർഷമായി സ്വപ്നതുല്യമായ ഫോമിലുള്ള സർഫറാസ് ഖാനാകട്ടെ പന്ത് കണക്ട് ചെയ്യാൻ പോലും കഷ്ടപ്പെട്ടാണ് ഡൽഹിക്കായി കളിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ 34 പന്തിൽ നിന്നും 30 റൺസ് മാത്രമാണ് സർഫറാസ് നേടിയത്. ഒരു കാലത്ത് ഐപിഎല്ലിലെ വണ്ടർ കിഡ് എന്ന വിശേഷണം നേടിയിട്ടുള്ള വമ്പൻ അടികൾക്ക് കെല്പുള്ള താരം ക്രീസിൽ നിന്ന് അനങ്ങി കളിക്കാൻ പോലും ശ്രമിക്കുന്നില്ല എന്നത് ഡൽഹി ആരാധകരെ നിരാശരാക്കുന്നു. ഇങ്ങനെ പന്ത് തിന്ന് കളിക്കുന്ന താരത്തെ ഡൽഹി കളിപ്പിക്കേണ്ടതില്ലെന്നും ആരാധകർ പറയുന്നു.

സർഫറാസിന് നല്ലത് റെഡ് ബോൾ ക്രിക്കറ്റ് ആയിരിക്കുമെന്നും ടി20യിൽ അദ്ദേഹത്തിൻ്റെ സേവനം ഐപിഎല്ലിലും ദേശീയ ടീമിലും ആവശ്യമില്ലെന്ന് കരുതുന്നവരും അനവധിയാണ്. ഇത്തരത്തിൽ ടി20 കളിച്ചാൽ സ്വപ്നത്തിൽ പോലും സർഫറാസിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കില്ലെന്നും എന്തുകൊണ്ടാണ് ഗാംഗുലിയും പോണ്ടിംഗും താരത്തിന് അവസരം നൽകുന്നതെന്നും ആരാധകർ ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :