ദക്ഷിണാഫ്രിക്കയ്ക്ക് ലോകകപ്പ് വേണം, വിരമിക്കൽ തീരുമാനം പിൻവലിച്ച് ടി20 ലോകകപ്പ് കളിക്കാനൊരുങ്ങി ഡുപ്ലെസിസ്

അഭിറാം മനോഹർ| Last Updated: ബുധന്‍, 6 ഡിസം‌ബര്‍ 2023 (17:07 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുമുള്ള വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് ക്രിക്കറ്റില്‍ തിരിച്ചുവരവിനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലെസിസ്. ദക്ഷിണാഫ്രിക്കയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താനാണ് ഡുപ്ലെസിസ് ആലോചിക്കുന്നത്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ രാജ്യത്തിനായി കളിക്കുക എന്ന മോഹത്തോടെയാണ് 39കാരനായ താരം തിരിച്ചെത്തുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മടങ്ങിയെത്താനുള്ള കായികക്ഷമത തനിക്ക് ഇപ്പോഴുമുണ്ടെന്നും അതിനായി പരിശ്രമം ചെയ്യാന്‍ തയ്യാറാണെന്നും ഡുപ്ലെസിസ് പറയുന്നു. അതേസമയം മുന്‍ നായകന് മുന്നില്‍ ടീമിന്റെ വാതിലുകള്‍ അടച്ചിട്ടില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ കോച്ചായ റോബ് വാള്‍ട്ടര്‍ പറഞ്ഞു. 2020 ഡിസംബറിലാണ് ഡുപ്ലെസിസ് അവസാനമായി ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും ഐപിഎല്‍ ഉള്‍പ്പടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളില്‍ ഇപ്പോഴും സജീവമാണ് താരം. ദീര്‍ഘകാലമായി ചെന്നൈ സൂപ്പര്‍ കിംഗ്സിൽ കളിച്ചിരുന്ന താരം കഴിഞ്ഞ സീസണില്‍ ആർസിബിക്കായി 14 കളികളില്‍ നിന്ന് 8 അര്‍ധസെഞ്ചുറിയടക്കം 730 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

69 ടെസ്റ്റില്‍ നിന്നും 10 സെഞ്ചുറിയോടെ 4163 റണ്‍സും 143 ഏകദിനത്തില്‍ നിന്നും 12 സെഞ്ചുറിയോടെ 5507 റണ്‍സും 50 ടി20 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറി ഉള്‍പ്പടെ 1528 റണ്‍സും ഡുപ്ലെസിസ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 130 കളികളില്‍ നിന്ന് 33 അർധസെഞ്ചുറിയോടെ 4133 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :