അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 മെയ് 2024 (20:21 IST)
ഐപിഎല്‍ 2023 സീസണിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ സൂപ്പര്‍ ഫിനിഷറായി വളര്‍ന്നെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ തന്റെ പഴയ പ്രതിഫലം തന്നെയാണ് റിങ്കു സിംഗ് വാങ്ങുന്നത്. കോടികള്‍ വാരിയെറിഞ്ഞ് ടീമുകള്‍ താരങ്ങളെ സ്വന്തമാക്കുമ്പൊള്‍ 2022ല്‍ 55 ലക്ഷം രൂപ നല്‍കിയായിരുന്നു റിങ്കു സിംഗിനെ കൊല്‍ക്കത്ത നിലനിര്‍ത്തിയത്. 2018ല്‍ 80 ലക്ഷം രൂപയായിരുന്നു റിങ്കുവിന്റെ പ്രതിഫലം. എന്നാല്‍ 2022ല്‍ കൈവിട്ട റിങ്കുവിനെ 55 ലക്ഷം നല്‍കി ലേലത്തിലൂടെ കൊല്‍ക്കത്ത തിരിച്ചുപിടിക്കുകയായിരുന്നു.
ഐപിഎല്ലിലെ പല യുവതാരങ്ങളുടെ പ്രതിഫലങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ചെറിയ തുകയാണ് പ്രതിഫലമായി റിങ്കു സിംഗ് വാങ്ങുന്നത്. എന്നാല്‍ ഇതേ പറ്റിയുള്ള ചോദ്യങ്ങളോട് റിങ്കുവിന്റെ മറുപടി ഇങ്ങനെയാണ്. 50-55 ലക്ഷമെല്ലാം തന്നെ സംബന്ധിച്ചിടത്തോളം വലിയ സംഖ്യയാണെന്നായിരുന്നു റിങ്കുവിന്റെ പ്രതികരണം. ടി20 ലോകകപ്പിന് പുറപ്പെടും മുന്‍പ് ദൈനിക് ജാഗരണ് നല്‍കിയ അഭിമുഖത്തിലാണ് റിങ്കു മനസ് തുറന്നത്. നിലവില്‍ ബിസിസിഐ കരാറുള്ള റിങ്കുവിന് വാര്‍ഷിക ശമ്പളമായി ഒരു കോടി രൂപയും പ്രതിഫലമായി ലഭിക്കുന്നുണ്ട്.
കരിയര്‍ തുടങ്ങിയപ്പോള്‍ സ്വപ്നം കണ്ടതിലും വലിയ പ്രതിഫലമാണ് എനിക്ക് ലഭിക്കുന്നത്. 50-55 ലക്ഷമെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വലിയ സംഖ്യയാണ്. കുട്ടിയായിരുന്നപ്പോള്‍ അഞ്ചോ പത്തോ എങ്ങനെയുണ്ടാക്കാമെന്നായിരുന്നു ചിന്തിച്ചിരുന്നത്. ഇന്നെനിക്ക് 55 ലക്ഷം കിട്ടുന്നു. അത് വലിയ തുകയാണ്. ദൈവം എന്താണോ തരുന്നത് അതില്‍ ഞാന്‍ സന്തോഷവാനാണ്. അങ്ങനെ ചിന്തിക്കാനാണ് എനിക്കിഷ്ടം. ഒരു പണവുമില്ലാതിരുന്ന കാലത്തിലൂടെ കടന്നുവന്നവനാണ് ഞാന്‍. പണത്തിന്റെ മൂല്യം എന്തെന്ന് എനിക്കറിയാം. റിങ്കു പറഞ്ഞു.