അഭിറാം മനോഹർ|
Last Modified തിങ്കള്‍, 19 ഫെബ്രുവരി 2024 (19:26 IST)
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടതോടെ ടെസ്റ്റ് സീരീസില്‍ 2-1ന് പിന്തള്ളപ്പെട്ടെങ്കിലും പരമ്പരയില്‍ എന്തു വിലകൊടുത്തും തിരിച്ചെത്തുമെന്ന് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ്. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ പരാജയത്തിന് പ്രധാനകാരണമായി വന്നത് മത്സരത്തില്‍ തങ്ങള്‍ക്ക് എതിരായി വന്ന മൂന്ന് അമ്പയര്‍ കോളുകളാണെന്നും ബെന്‍ സ്‌റ്റോക്‌സ് പറയുന്നു. രാജ്‌കോട്ട് ടെസ്റ്റിലെ പരാജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് നായകന്‍.
പരമ്പരയില്‍ 2-1ന് പിന്നിലാണെങ്കിലും ഇനിയുള്ള രണ്ട് ടെസ്റ്റുകളിലും വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് സ്‌റ്റോക്‌സ് വ്യക്തമാക്കുന്നത്. എല്ലാവര്‍ക്കും കാര്യങ്ങളെപറ്റി വ്യക്തമായ ധാരണയും അഭിപ്രായവുമുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലായ്‌പ്പോഴും കാര്യങ്ങള്‍ നടക്കില്ല. അക്കാര്യം ഞങ്ങള്‍ക്കും അറിയാം. ഇംഗ്ലണ്ട് നിലവില്‍ 2-1ന് പരമ്പരയില്‍ പിന്നിലാണ്. പക്ഷേ പരമ്പരയില്‍ ഇനിയും 2 ടെസ്റ്റ് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതിനാല്‍ 3-2ന് പരമ്പര സ്വന്തമാക്കി ട്രോഫിയുമായി നാട്ടിലേക്ക് മടങ്ങാന്‍ ഞങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. മുന്നിലുള്ള കാര്യങ്ങളെ പറ്റി മാത്രമാണ് ഇപ്പോള്‍ ആലോചിക്കുന്നത്. എല്ലാ വികാരങ്ങളും നിരാശയും ഈയാഴ്ച ഒഴിവാക്കുകയാണ്. എല്ലാം മറന്ന് അടുത്ത ടെസ്റ്റില്‍ മാത്രമാണ് ടീമിന്റെ ശ്രദ്ധ. സ്‌റ്റോക്‌സ് വിശദമാക്കി.