രേണുക വേണു|
Last Modified തിങ്കള്‍, 1 ജൂലൈ 2024 (10:07 IST)
ദിനേശ് കാര്‍ത്തിക്കിനു പുതിയ ഉത്തരവാദിത്തം നല്‍കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വരുന്ന സീസണ്‍ മുതല്‍ ആര്‍സിബിയുടെ ബാറ്റിങ് പരിശീലകനും ഉപദേഷ്ടാവുമായിരിക്കും കാര്‍ത്തിക്. സമൂഹമാധ്യമങ്ങളിലൂടെ ആര്‍സിബി ഫ്രാഞ്ചൈസി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2024 സീസണിലെ പ്ലേ ഓഫില്‍ ആര്‍സിബി തോറ്റു പുറത്തായതിനു പിന്നാലെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് ദിനേശ് കാര്‍ത്തിക് പ്രഖ്യാപിച്ചിരുന്നു.
കളി അവസാനിപ്പിച്ചെങ്കിലും തുടര്‍ന്നും കാര്‍ത്തിക്കിന്റെ സാന്നിധ്യം തങ്ങള്‍ക്കൊപ്പം ഉറപ്പാക്കാന്‍ ബെംഗളൂരു ഫ്രാഞ്ചൈസി തീരുമാനിക്കുകയായിരുന്നു. ആര്‍സിബിക്കൊപ്പം തുടരാന്‍ കാര്‍ത്തിക് പൂര്‍ണ സന്നദ്ധത അറിയിക്കുകയും ചെയ്തു. ബാറ്റിങ് പരിശീലക സ്ഥാനവും ടീം ഉപദേഷ്ടാവ് സ്ഥാനം ഏറ്റെടുക്കാമെന്ന് കാര്‍ത്തിക് ഫ്രാഞ്ചൈസിയെ അറിയിച്ചു. അതിനു പിന്നാലെയാണ് പ്രഖ്യാപനം.
മൂന്ന് ഫോര്‍മാറ്റുകളിലുമായി 180 മത്സരങ്ങളാണ് കാര്‍ത്തിക് ഇന്ത്യക്കായി കളിച്ചത്. ഏകദിനത്തില്‍ 30.21 ശരാശരിയില്‍ 1752 റണ്‍സും ട്വന്റി 20 യില്‍ 26.38 ശരാശരിയില്‍ 686 റണ്‍സും നേടി. ടെസ്റ്റില്‍ 42 ഇന്നിങ്സുകളില്‍ നിന്ന് 1025 റണ്‍സാണ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു സെഞ്ചുറി നേടിയപ്പോള്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി 17 അര്‍ധ സെഞ്ചുറി സ്വന്തമാക്കി. ഐപിഎല്ലില്‍ 257 മത്സരങ്ങളില്‍ നിന്ന് 135.36 സ്ട്രൈക് റേറ്റില്‍ 4842 റണ്‍സ് നേടിയിട്ടുണ്ട്.