നീ ക്രിക്കറ്റ് കളിക്ക്, ബാക്കി ഞാൻ നോക്കിക്കൊള്ളാം എന്ന് അച്ഛൻ പറഞ്ഞു: ജീവിതം മാറിയത് അവിടെ: ധ്രുവ് ജുറൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ഏപ്രില്‍ 2023 (20:25 IST)
2023 സീസണിൽ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും കഴിഞ്ഞ 2 മത്സരങ്ങളിൽ പരാജയപ്പെട്ടിരിക്കുകയാണ് സഞ്ജു സാംസണിൻ്റെ നേതൃത്വത്തിലുള്ള റോയൽസ്. സീസണിൽ തോൽവികൾ ഏറ്റുവാങ്ങുമ്പോഴും രാജസ്ഥാന് വലിയ ആശ്വാസമാകുകയാണ് ധ്രുവ് ജുറൽ എന്ന പുതിയ താരത്തിൻ്റെ വരവ്. സഞ്ജുവിനും ജയ്സ്വാളിനും ശേഷം രാജസ്ഥാൻ്റെ പ്രധാനതാരമായി മാറാൻ ധ്രുവ് ജുറലിനാകുമെന്ന് ആരാധകർ പറയുന്നു.

ഇപ്പോഴിതാ ഹ്യുമൻസ് ഓഫ് ബോംബൈ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻ്റെ ക്രിക്കറ്റ് ജീവിതത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് യുവതാരം. ചെറുപ്പത്തിൽ തെരുവുകളിൽ കളിച്ചായിരുന്നു തുടക്കം. ഒരു പ്രഫഷണൽ താരമായി മാറുമെന്നൊന്നും ഞാൻ അന്ന് കരുതിയിരുന്നില്ല. എൻ്റെ അച്ഛൻ ആർമിയിൽ നിന്നും വിരമിച്ച ഒരാളാണ്. എന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥനാക്കാനയിരുന്നു അദ്ദേഹത്തിന് താത്പര്യം.

എന്നാൽ 12 ൽ പഠിക്കുമ്പോൾ ഒരൂ സമ്മർ ക്യാമ്പിൽ ഞാൻ പങ്കെടുത്തു. ഞാൻ ക്രിക്കറ്റ് കാര്യമായി കളിക്കാൻ തുടങ്ങുന്നത് അപ്പോഴാണ്. പഠനത്തിനുള്ള താത്പര്യം എനിക്ക് നഷ്ടമാവുകയും ക്ലാസുകൾ ഞാൻ കട്ട് ചെയ്യുകയും ചെയ്തു. പ്രിൻസിപ്പൽ ഒരിക്കൽ അച്ഛനെ വിളിച്ചുവരുത്തി ഒന്നെങ്കിൽ കളി അല്ലെങ്കിൽ പടിത്തം. അച്ഛൻ എന്നെ ചീത്ത പറയുമെന്നാണ് ഞാൻ കരുതിയത് എന്നാൽ അച്ചൻ എൻ്റെ അരികിൽ വന്ന് പറഞ്ഞു. നീ പോയി കളിക്ക് ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം.

അവിടെ നിന്ന് എൻ്റെ ലോകം മാറിമറിയുകയായിരുന്നു. ഞങ്ങളുടെ സാമ്പത്തിക നില അത്ര മികച്ചതായിരുന്നില്ല. എനിക്ക് കിറ്റ് വാങ്ങുന്നതിനായി അമ്മ തൻ്റെ സ്വർണം വിറ്റിട്ടുണ്ട്. ചേച്ചിയായിരുന്നു എന്നെ പിക്ക് ചെയ്യുകയും ഡ്രോപ്പ് ചെയ്യുകയും ചെയ്തിരുന്നത്. ഇങ്ങനെയൊരു കുടുംബത്തെ കിട്ടാൻ ഭാഗ്യം വേണം 2 വർഷം ഞാൻ കഠിനമായി അദ്ധ്വാനിച്ചു. അണ്ടർ 19 ടീമിനായി മികച്ച പ്രകടനം നടത്താനെന്നിക്കായി. അങ്ങനെയാണ് 2022ൽ രാജസ്ഥാൻ റോയൽസിലെത്തുന്നത്.

രാജസ്ഥാനിൽ ഞാൻ തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ല. എൻ്റെ സ്വപനങ്ങളിലേക്ക് ഞാൻ നടന്നടുക്കുകയായിരുന്നു. ഞാൻ ചെറുപ്പത്തിൽ ആരാധിച്ച താരങ്ങൾക്കൊപ്പം കളിക്കാനാകുക എന്നത് സ്വപ്നതുല്യമായിരുന്നു. പഞ്ചാബിനെതിരെ ഈ വർഷം കളിക്കാൻ അവസരം ലഭിച്ചു. പന്ത് നോക്കുക കളിക്കുക എന്ന് മാത്രമെ എൻ്റെ മനസ്സിലുണ്ടായിരുന്നുള്ളു. എനിക്ക് ധോനിയ്ക്കൊപ്പം ഫീൽഡിൽ നിൽക്കാൻ പറ്റി സംസാരിക്കാൻ പറ്റി. ഒരു ഫിനിഷർ എന്ന നിലയിൽ 1-2 ഓവറായിരിക്കും നിങ്ങൾക്ക് ലഭിക്കുക അതിൽ നിങ്ങളുടെ മാർക്ക് ഉണ്ടാക്കാൻ ശ്രമിക്കണം. നിങ്ങളുടെ കഴിവിൽ വിശ്വസിക്കണം എന്നാണ് ധോനി പറഞ്ഞത്. ധ്രുവ് ജുറൽ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :