തിലക് വർമ അടുത്ത സുഹൃത്ത്, സച്ചിനെയും മഹേലയേയും പോലുള്ള ഇതിഹാസങ്ങളിൽ നിന്ന് പഠിക്കാനായത് ഭാഗ്യം: ഡെവാൾഡ് ബ്രെവിസ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 28 ജൂണ്‍ 2022 (13:48 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പതിനഞ്ചാം പതിപ്പിൽ ക്ലീൻ ഹിറ്റിലൂടെ ആരാധകരുടെ മനം കവർന്ന കൗമാരതാരമായിരുന്നു മുംബൈ ഇന്ത്യൻസിൻ്റെ ദക്ഷിണാഫ്രിക്കൻ താരം ഡെവാൾഡ് ബ്രെവിസ്. ബേബി എബിഡി എന്ന വിളിപ്പേരുമായി ഐപിഎല്ലിലെത്തിയ താരം തൻ്റെ മേലുള്ള പ്രതീക്ഷകൾ ചുമ്മാതല്ല എന്ന് തെളിയിച്ചാണ് സീസൺ അവസാനിപ്പിച്ചത്.

വരാനിരിക്കുന്ന ഒരുപാട് കാലത്തേക്കുള്ള ഇന്വെസ്റ്റ്മെൻ്റായാണ് താരത്തെ ആരാധകർ കാണുന്നത്. മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ. സഹതാരമായ തിലക് വർമയേയാണ് താൻ ഏറ്റവുമധികം മിസ് ചെയ്യുന്നതെന്ന് ബ്രെവിസ് പറയുന്നു. അവൻ എന്നേക്കാൾ ഒരു വർഷം മാത്രം മൂത്തതാണ്. ഒരു തമാശക്കാരനാണ് അവൻ. അടുത്തവർഷം അവനെ വീണ്ടും കാണാൻ ആഗ്രഹിച്ചിരിക്കുകയാണ് ഞാൻ. അവൻ എന്നെ കുറച്ച് ഹിന്ദി പഠിപ്പിച്ചു. അവനെ ഞാൻ കുറച്ച് ആഫ്രിക്കൻ ഭാഷയും.

സച്ചിൻ സാറിനെ ഞാൻ ജിമ്മിൽ വെച്ചാണ് ആദ്യമായി കാണുന്നത്. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞുനാൾ മുതൽ ഞാൻ ഏറെ ആരാധിച്ച വ്യക്തിയെ കണ്ട സന്തോഷത്തിലായിരുന്നു ഞാൻ അപ്പോൾ. ബാറ്റിങ്ങ് ടെക്നിക്കിനെ പറ്റി ചില കാര്യങ്ങൾ അദ്ദേഹം പറഞ്ഞുതന്നു. ഇതിഹാസതാരങ്ങളായ സച്ചിനിൽ നിന്നും കോച്ച് മഹേലയിൽ നിന്നും പഠിക്കാൻ സാധിച്ചത് ഭാഗ്യമാണെന്ന് കരുതുന്നു. ബ്രെവിസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :