വളരുന്ന പിള്ളേരുടെ ആത്മവിശ്വാസം തകർക്കരുത്, അസം ഖാനെ ടീമിൽ നിന്നും പുറത്താക്കിയതിനെതിരെ മോയിൻ ഖാൻ

Azam Khan, Pakistan
Azam Khan, Pakistan
അഭിറാം മനോഹർ| Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2024 (19:21 IST)
പാക് വിക്കറ്റ് കീപ്പര്‍ താരം അസം ഖാനെ ടീമില്‍ നിന്നും പുറത്താക്കിയതിനെതിരെ താരത്തിന്റെ പിതാവും മുന്‍ പാകിസ്ഥന്‍ വിക്കറ്റ് കീപ്പറുമായ മോയിന്‍ ഖാന്‍. അമിതവണ്ണത്തിന്റെ പേരില്‍ പരിഹസിക്കപ്പെടാറുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് നാളായുള്ള മോശം പ്രകടനത്തിന്റെ പേരിലാണ് അസം ഖാന് പാക് ടീമില്‍ സ്ഥാനം നഷ്ടമായത്. എന്നാല്‍ ഇതൊന്നും തന്നെ കണക്കിലെടുക്കാതെയാണ് മോയിന്‍ ഖാന്റെ വിമര്‍ശനം.


2021 ജൂലൈയ്ക്ക് ശേഷം കളിച്ച 14 ടി20 മത്സരങ്ങളില്‍ നിന്നും 8.80 റണ്‍സ് ശരാശരിയില്‍ 88 റണ്‍സ് മാത്രമാണ് അസം ഖാന്‍ നേടിയത്. 30 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ മോശം പ്രകടനങ്ങള്‍ തുടര്‍ന്നതോടെയാണ് അസം ഖാന് പാക് ടീമില്‍ സ്ഥാനം നഷ്ടമായത്. ഇതിനെതിരെയാണ് മോയിന്‍ ഖാന്‍ വിമര്‍ശനമുന്നയിരിച്ചിരിക്കുന്നത്.



കഴിഞ്ഞ ലോകകപ്പ് ഞാനും കണ്ടതാണ്. പാകിസ്ഥാന്‍ ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പര്‍ താരം ആകേണ്ടിയിരുന്നത് അസം ഖാനായിരുന്നു. എന്നാല്‍ പെട്ടെന്ന് ഒരു മത്സരത്തിന് ശേഷം ടീമിന്റെ തന്ത്രങ്ങള്‍ എല്ലാം മാറി. അസം ഖാന് പെട്ടെന്ന് തന്നെ ടീമില്‍ നിന്നും സ്ഥാനം നഷ്ടമായി. കളിക്കാര്‍ക്ക് മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സമയം നല്‍കാതെ ഇവിടെ നിന്നും എങ്ങനെ മികച്ച കളിക്കാരുണ്ടാകും. മോയിന്‍ ഖാന്‍ പറയുന്നു. 2022ലെ ലോകകപ്പിലും അസം ഖാന്‍ ടീമിലുണ്ടായിരുന്നെങ്കിലും സെലക്ടര്‍ റമീസ് രാജ താരത്തിന് അവസരം നല്‍കിയിരുന്നില്ലെന്നും ഇത്തരത്തില്‍ വളര്‍ന്ന് വരുന്ന ഒരു താരത്തെ തകര്‍ക്കുകയാണ് റമീസ് രാജ ചെയ്തതെന്നും മോയിന്‍ ഖാന്‍ പറഞ്ഞു.


അസം ഖാന് അവന്റേതായ പോരായ്മകളുണ്ടെന്നും എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി അസം ഖാന്‍ ഏറെ മെച്ചെപ്പെട്ടിട്ടുണ്ടെന്നും മോയിന്‍ ഖാന്‍ വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :