അഭിറാം മനോഹർ|
Last Modified തിങ്കള്‍, 11 ഏപ്രില്‍ 2022 (13:18 IST)
കഴിഞ്ഞ ഐപിഎല്ലിൽ മോശം പ്രകടനത്തിന്റെ പേരിൽ കടുത്ത അവഗണനയായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദിൽ നിന്നും ഓസീസ് താരം ഡേവിഡ്
വാർണർ നേരിട്ടത്. ഹൈദരാബാദിന്റെ കിരീടനേട്ടത്തിൽ വലിയ പങ്ക് വഹിച്ച വാർണർ മിക്ക സീസണുകളിലും ടീമിന്റെ ടോപ് സ്കോറർ കൂടെയായിരുന്നു.
കഴിഞ്ഞ വർഷം ടീമിൽ ഇടം നേടാൻ കഴിയാതിരുന്ന വാർണറിനെ ഡൽഹി ക്യാപ്പിറ്റൽസാണ് ഇക്കുറി സ്വന്തമാക്കിയത്. പുതിയ
ഐപിഎൽ സീസൺ റെക്കോർഡോഡ് കൂടി ആരംഭിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ 45 പന്തില്‍ രണ്ട് സിക്‌സിന്റേയും ആറ് ഫോറിന്റേയും സഹായത്തോടെ 61 റണ്‍സാണ് നേടിയത്. ഇതോടെ ഐപിഎല്ലിൽ 5500 റൺസെന്ന നാഴികകല്ല് താരം പിന്നിട്ടു.
51മത് ഐപിഎൽ ഫിഫ്‌റ്റി കൂടിയായിരുന്നു വാർണർ ഇന്നലെ സ്വന്തമാക്കിയത്. നിലവിൽ വാര്‍ണറുടെ അക്കൗണ്ടില്‍ 5514 റണ്‍സാണുള്ളത്. റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വിരാട് കോലി (6389), പഞ്ചാബ് കിങ്സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (5911),
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ (5691), ചെന്നൈ സൂപ്പര്‍ കിങ്സിന്റെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്ന (5528) എന്നിവരാണ് നേരത്തെ 5500 ക്ലബിൽ അംഗങ്ങളായിട്ടുള്ളവർ.
അതേസമയം 152 ഇന്നിങ്സിൽ നിന്നാണ് വാർണറുടെ നേട്ടം. അതിവേഗത്തിൽ 5500 ഐപിഎൽ റൺസ് എന്ന റെക്കോർഡും ഇതോടെ താരം സ്വന്തമാക്കി. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി വാർണറുടെയും പൃഥ്വി ഷായുടെയും തകർപ്പൻ പ്രകടനങ്ങളുടെ മികവിൽ 215 റൺസാണ് അടിച്ചെടുത്തത്.