vishnu|
Last Modified ശനി, 14 ഫെബ്രുവരി 2015 (18:24 IST)
ലോകകപ്പ് ഫുട്‌ബോളില്‍ ഫലം പ്രവചിച്ചിരുന്നത് ഒരു നീരാളിയായിരുന്നു. പേര് പോള്‍. എന്നാല്‍ പാവം കഴിഞ്ഞ ലോകകപ്പില്‍ പ്രവചനം നടത്താന്‍ നില്‍ക്കാത്തെ ഇഹലോകവാസം വെടിഞ്ഞു. എന്നാല്‍ പോള്‍ മരിക്കാതെ ഇന്നും ഉണ്ടായിരുന്നെങ്കില്‍ മറ്റൊരാള്‍ നടത്തിയ പ്രവചനം കേട്ട് ചിരിച്ച് ചിരിച്ച് മരിച്ചുപോയേനെ. കാരണം ഇയാള്‍ പ്രവചനം നടത്തി പറഞ്ഞിരിക്കുന്നത് 2015ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം അഫ്ഗാനിസ്ഥാന്‍ കൊണ്ടുപോകുമെന്നാണ്!!!
കാന്റര്‍ബറി സര്‍വ്വകലാശാലയിലെ പ്രവചന വിദഗ്ധന്‍ ഇക്രം എന്ന റോബോട്ടാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. റിസര്‍ച്ച് സ്‌കോളറായ എഡ്വാര്‍ഡോ സാന്‍ഡോവല്‍ നിര്‍മ്മിച്ച ഈ റോബോട്ട് അഫ്ഗാനിസ്ഥാന് അനുകൂലമായാണ് പ്രവചനം നടത്തിയിരിക്കുന്നത്. ലോകകപ്പില്‍ പങ്കെടുക്കുന്ന 14 രാജ്യങ്ങളുടെയും പതാകകള്‍ നിരത്തിവെച്ചു. അതില്‍ നിന്നും ഇക്രം അഫ്ഗാന്‍ പതാക തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യമായിട്ടാണ് അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് കളിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ കരുത്തന്മാര്‍ അടങ്ങിയ ഗ്രൂപ്പിലാണ് അവര്‍ കളിക്കുന്നത്. ഗ്രൂപ്പ് മത്സരത്തിനപ്പുറം ആരും അഫ്ഗാനിസ്ഥാന് സാധ്യത കല്‍പ്പിക്കുന്നില്ല. എന്നാല്‍ കാര്യങ്ങള്‍ എഴുതി തള്ളാന്‍ വരട്ടെ എന്നാണ് ക്രിക്കറ്റ് ലോകകപ്പിന്റെ ചരിത്രമറിയുന്നവര്‍ പറയുന്നത്, കാരനം 1983ല്‍ ആയിരത്തില്‍ 1 സാധ്യത മാത്രം കല്‍പ്പിക്കപെട്ട ഇന്ത്യ കപ്പ് സ്വന്തമാക്കിയത് ചരിത്രമായതാണ്. അഫ്ഗാനിസ്ഥാന് പ്രവചനക്കാര്‍ ഇത്തവണ നല്‍കിയിരിക്കുന്ന സാധ്യതയും ആയിരത്തില്‍ ഒന്ന് ആണ് എന്നത് വീരോധാഭാസമാകാം. അല്ലെങ്കില്‍ യാദൃശ്ചികമാകാം.
മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ അഫ്ഗാന്‍ ടീമിലുണ്ട്. അക്കാര്യം ഇന്ത്യയുമായി നടത്തിയ സന്നാഹ മത്സരത്തില്‍ തെളിഞ്ഞതുമാണ്. അതിനാല്‍ കാത്തിരുന്നു കാണുക ഇക്രം പറഞ്ഞത് ഫലിക്കുമോ ഇല്ലയോ എന്ന്. ഫലിച്ചാല്‍ അത് ചരിത്രമാകും അല്ലെങ്കില്‍ വെറുമൊരു തമാശയായി മാറുകയും ചെയ്യും.