ഐപിഎല്ലിനായി ബിസിസിഐയുടെ പ്ലാൻ ബി, ടൂർണമെന്റ് ഈ മാസങ്ങളിലേക്ക് മാറ്റിവെച്ചേക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 19 മാര്‍ച്ച് 2020 (12:52 IST)
വൈറസ് ബാധ നാടാകെ പടരുന്ന സാഹചര്യത്തിൽ ഈ മാസം 29ന് ആരംഭിക്കേണ്ട മത്സരങ്ങൾ അടുത്ത മാസം 15ലേക്ക് മാറ്റിവെച്ചിരുന്നു. എന്നാൽ നിലവിലെ സ്ഥിതിഗതികൾ പരിഗണിക്കുമ്പോൾ ഈ സമയത്തും ഐപിഎൽ മത്സരങ്ങൾ ആരംഭിക്കാനുള്ള സാധ്യതകൾ തീർത്തും വിരളമാണ്.അതിനാൽ തന്നെ നിലവിൽ ഐപിഎൽ മത്സരങ്ങൾ ഇനിയും നീക്കിവെക്കണമോ അതോ ഉപേക്ഷിക്കണമോ എന്ന രീതിയിലും ചർച്ചകൾ നടന്നുവരികയാണ്. ഐപിഎൽ മത്സരങ്ങൾ ഉപേക്ഷിക്കുന്നതിന് പകരം മറ്റൊരു തിയ്യതിയിലേക്ക് ഐപിഎൽ മത്സരങ്ങൾ നീട്ടിവെക്കാനാണ് താത്പര്യപ്പെടുന്നത്.

ടൂർണമെന്റ് നേരത്തെ പറഞ്ഞ പ്രകാരം നടത്തുകയാണെങ്കിൽ മത്സരങ്ങൾ വെട്ടികുറച്ചുകൊണ്ട് നടത്താം എന്ന നിർദേശം വന്നിരുന്നെങ്കിലും ബിസിസിഐയ്‌ക്ക് അതിൽ താത്പര്യമില്ല. പകരം ഈ വർഷം ജൂലൈ-സെപ്‌റ്റംബർ സമയത്തേയ്‌ക്ക് മത്സരങ്ങൾ മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്.ഇംഗ്ലണ്ട്,പാകിസ്ഥാൻ,ടീമുകൾക്കൊഴികെ മാറ്റാർക്കും തന്നെ ഈ സമയത്ത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്ല എന്നതും സ്ഥിതി അനുകൂലമാക്കുന്നുണ്ട്. ഇതിൽ താരങ്ങൾ ഐപിഎൽ മത്സരങ്ങൾ കളിക്കുന്നുമില്ല.

എന്നാൽ സെപ്‌റ്റംബറിൽ തന്നെ ഏഷ്യാകപ്പ് മത്സരങ്ങളും നടത്തേണ്ടതിനാൽ അതിന് മുൻപായി ഐപിഎൽ മത്സരങ്ങൾ നടത്തേണ്ടതായി വരും. ഇതും ബിസിസിഐയിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ട്. എന്തായാലും ഐപിഎല്ലിൽ ബിസിസിഐയുടെ പ്ലാൻ ബി നടപ്പിലാകുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :